‘മുൻപും ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തി; അത് പുറത്തു പറഞ്ഞ് നടക്കേണ്ട കാര്യമാണോ?’
കോഴിക്കോട്∙ ഒരു ഘട്ടത്തിൽ പ്രണബ് മുഖർജി രാഷ്ട്രീയം വിടാൻ പോലും ആഗ്രഹിച്ചിരുന്നെന്ന് മകൾ ശർമിഷ്ഠ. മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ അവസാന ദിനം ‘പ്രണബ് മൈ ഫാദർ’ സെഷനിൽ സംസാരിക്കുകയായിരുന്നു പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. ‘‘പാർലമെന്റിന്റെ പ്രവർത്തനം തടസ്സപ്പെടുന്നത് പ്രണബ് ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ച് പാർലമെന്റ് ജനാധിപത്യത്തിന്റെ ക്ഷേത്രമായിരുന്നു. പാർലമെന്റ് തടസ്സപ്പെടുത്തുന്നത് രാജ്യത്തിന്റെ വികസനത്തെയുമാണ് തടസ്സപ്പെടുത്തുന്നത്. ഒട്ടേറെ അരക്ഷിതാവസ്ഥകളിലൂടെ പ്രണബ് കടന്നു പോയിട്ടുണ്ട്. ഇതെല്ലാം അറിയുന്നത് അദ്ദേഹത്തിന്റെ മരണ ശേഷം വായിച്ച ഡയറിക്കുറിപ്പുകളിൽ നിന്നാണ്.
താൻ ജീവിതത്തിൽനിന്നു നേടിയതെല്ലാം ഇന്ദിര ഗാന്ധി കാരണമാണെന്നു മരണം വരെ പ്രണബ് വിശ്വസിച്ചിരുന്നു. കോൺഗ്രസ് എന്നാൽ ഇന്ത്യയാണ്. അത്രയേറെയാണു പാർട്ടിയിലെ വൈവിധ്യം. കോൺഗ്രസിൽ വിരുദ്ധാഭിപ്രായങ്ങൾ ഉയർന്നാൽ അത് ഇന്ത്യയിലെ പല ഭാഗങ്ങളിലെയും അഭിപ്രായമായാണു കണക്കാക്കുന്നത്. മുൻപും ഇന്ത്യയിൽ സർജിക്കൽ സ്ട്രൈക്ക് നടന്നിട്ടുണ്ട്. എന്നാൽ അതൊന്നും പുറത്തു പറയാറില്ല. അതിർത്തി മറികടക്കുന്നതു പരസ്യമായി പറയേണ്ട കാര്യമാണോ? പുതിയ എൻഡിഎ സർക്കാർ വന്നതിനുശേഷമാണ് അതെല്ലാം പരസ്യമാക്കിത്തുടങ്ങിയത്. കേന്ദ്രമന്ത്രിയായിരിക്കെ ഇത്തരം ശക്തമായ നീക്കങ്ങൾ പലതും നടത്തിയതിനെപ്പറ്റി പ്രണബ് ഡയറിയിൽ എഴുതിയിട്ടുണ്ട്’’ – ശർമിഷ്ഠ മുഖർജി പറഞ്ഞു.