‘കുഴൽപണക്കാർക്ക് മുറി എടുത്തത് നേതാക്കൾ പറഞ്ഞതനുസരിച്ച്’: ബിജെപിയെ വെട്ടിലാക്കി തിരൂർ സതീഷിന്റെ പഴയ മൊഴി

0

 

തൃശൂർ∙  കൊടകര കുഴൽപണ കേസ് പ്രതികൾക്ക് മുറി എടുത്ത് നൽകിയത് ബിജെപി നേതാക്കൾ പറഞ്ഞിട്ടാണെന്ന തിരൂർ സതീഷിന്റെ പഴയ മൊഴി പുറത്ത്. കുഴൽപണക്കാരൻ ധർമരാജനെ അറിയാമെന്നും പഴയ മൊഴിയിൽ സതീഷ് പറഞ്ഞിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ രണ്ട് ദിവസത്തിനകം സതീഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്താനിരിക്കെയാണ് പഴയ മൊഴി ചർച്ചയാകുന്നത്. ബിജെപി മുൻ ഓഫിസ് സെക്രട്ടറിയായ തിരൂർ സതീഷ് പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയാണ് ബിജെപിയെ പ്രതിസന്ധിയിലാക്കുന്നത്.

ബിജെപി നേതാക്കളും കുഴൽപണ സംഘവുമായുള്ള ബന്ധത്തെ കുറിച്ചും സതീഷിന്റെ മൊഴിയിൽ പറയുന്നുണ്ട്. എന്നാൽ പണം ചാക്കിലാക്കി ഓഫിസിൽ സൂക്ഷിച്ചുവെന്ന് അന്ന് സതീഷ് പറഞ്ഞിരുന്നില്ല. ബിജെപി ജില്ലാ നേതാക്കൾ പറഞ്ഞതനുസരിച്ചാണ് കുഴൽപണക്കാർക്ക് മുറി എടുത്ത് നൽകിയതെന്നും പഴയ മൊഴിയിൽ പറയുന്നു. അതേസമയം ബിജെപി നേതാക്കളുമായുള്ള കുഴൽപണ സംഘത്തിന്റെ ബന്ധം അന്ന് തന്നെ പൊലീസിന് ബോധ്യപ്പെട്ടുവെന്നാണ് പുറത്തുവന്ന പഴയ മൊഴിയിലൂടെ വ്യക്തമാകുന്നത്.

സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ബിജെപി നേതാക്കളെ വരും ദിവസങ്ങളിൽ പൊലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. മുൻപ് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ തൃശൂർ പൊലീസ് ക്ലബിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. അതേസമയം കേരള ബാങ്കിലെ വായ്പ മുൻ നിർത്തി സതീഷും സിപിഎമ്മും തമ്മിൽ ഡീൽ ഉണ്ടെന്നാണ് വിഷയത്തിൽ ബിജെപിയുടെ ആരോപണം. സതീഷിന്റെ വായ്പ ജപ്തിയിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തലെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു. സതീശനെ ഇറക്കിവിട്ടത് ആരാണെന്ന ചോദ്യവും ബിജെപി കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *