കൺപോളയിൽ മീൻ ചൂണ്ട തുളഞ്ഞു കയറി/ ജില്ലാ അശുപത്രി ഡോക്റ്റർമാർ യുവതിക്ക് രക്ഷകരായി
കണ്ണൂർ: വീടിന്റെ വിറകുപുരയിൽനിന്ന് വിറകെടുക്കുന്നതിനിടെ കൺപോളയിൽ മീൻ ചൂണ്ട തുളഞ്ഞു കയറിയ സ്ത്രീയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ പേരാവൂർ മുണ്ടപ്പാക്കൽ സ്വദേശിനി എം.ജെ. ജിഷയുടെ കൺപോളയിലാണ് ചൂണ്ട കയറിയത്. ഏറെ സമയത്തെ പരിശ്രമത്തിലൂടെ അതി വിദഗ്ദ്ധമായി ജില്ലാ ആശുപത്രി ഡോക്റ്റർമാർ ചൂണ്ട മുറിച്ചു മാറ്റി.
ജില്ല ആശുപത്രി നേത്ര വിഭാഗത്തിൽ എത്തിച്ച യുവതിയുടെ കൺപോളയിൽ തുളച്ചു കയറിയ ചൂണ്ടയുടെ മൂർച്ചയുള്ള അറ്റം പുറത്ത് എടുക്കുക ഡോക്ടർമാർക്ക് വെല്ലുവിളിയായി. തുടർന്ന് ദന്തവിഭാഗത്തിന്റെ സേവനം തേടി ‘എയർ റോട്ടർ ഹാൻഡ് പീസ് ‘ എന്ന ഗ്രൈൻ ഡിങ് മെഷീന്റെ സഹായത്തോടെ ചൂണ്ടയുടെ അഗ്രം രോഗിക്ക് ബുദ്ധിമുട്ട് വരാത്തവിധം മുറിച്ച് മാറ്റി .തുടർന്ന് ചൂണ്ട പൂർണമായും പുറത്തെടുത്തു.
ദന്ത വിഭാഗത്തിലെ ഓറൽ ആന്റ് മാക്സിലോ സർജൻ ഡോ. ടി.എസ്. ദീപക്, ഡെന്റൽ സർജൻ ഡോ. സഞ്ജിത് ജോർജ് , ഓഫ്ത്താൽമോളജിസ്റ്റ് .ഡോ. ജെയ്സി തോമസ്, ഡോ. മിൽന നാരായണൻ എന്നിവരുടെ നേതൃത്തത്തിലുള്ള വൈദ്യ സംഘത്തിന്റെ ശ്രമഫലമായാണ് അധികം പോറലൊന്നുമേൽക്കാതെ യുവതിക്ക് കണ്ണ് തിരിച്ചുകിട്ടിയത്.