‘ഈ കൈകൾ ശുദ്ധം; കറയുടെ അംശമെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ അന്ന് പൊതുജീവിതം അവസാനിപ്പിക്കും’

0

കൽപറ്റ∙ കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട ആരോപണം സത്യമെന്നു തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് സമയത്ത് പഴയ കാര്യങ്ങൾ വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരുകയാണെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപെങ്കിലും കേസ് തീർക്കാൻ സർക്കാർ ശ്രമിക്കണമെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ‘‘തിരൂർ സതീശന് എം.കെ.കണ്ണന്റെ ബാങ്കിലുണ്ടായിരുന്ന വായ്പ തീർത്തു നൽകുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ ആരോപണം വന്നത്.

വായ്പ തീർത്തു നൽകുന്നതിന് പകരമായി പഴയ ആരോപണങ്ങൾ വീണ്ടും പറയണമെന്ന് സതീശനോട് ആവശ്യപ്പെട്ടു. വി.ഡി.സതീശനാണ് ആരോപണത്തിന് പിന്നിൽ ആദ്യ നീക്കം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് എന്നെ നാലു മണിക്കൂർ ചോദ്യം ചെയ്തു. ശബ്ദ പരിശോധന വരെ നടത്തി. കേരളത്തിൽ ഒരു നേതാവിനെയും ഇങ്ങനെ ചെയ്തിട്ടില്ല. പാർട്ടിക്ക് വേണ്ടി പണം ചാക്കിൽ കൊണ്ടുവന്നിട്ടില്ല. പാർട്ടിയുടെ ഇടപാടുകളെല്ലാം ഡിജിറ്റൽ ട്രാൻസ്ഫർ വഴിയാണ്. ആരോപണത്തിൽ പറയുന്ന തരത്തിലുള്ള കറയുടെ അംശമെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ അന്ന് പൊതുജീവിതം അവസാനിപ്പിക്കും.  ഈ കൈകൾ ശുദ്ധമാണ്. ധർമരാജനെ അറിയാം.

ധർമരാജിന്റെ പേരിൽ കേസില്ല. എൽഡിഎഫുമായുള്ള ഡീൽ ആയിരുന്നെങ്കിൽ കേസ് വീണ്ടും അന്വേഷിക്കുമായിരുന്നോ. വി.ഡി.സതീശന്റെ പുനർജനി കേസിൽ എന്തെങ്കിലും അനേഷണം നടന്നോ. ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനും യുഡിഎഫിനും വലിയ തിരിച്ചടി നേരിടാൻ പോകുന്നുവെന്ന ഭയമാണ് പഴയ കാര്യങ്ങൾ വീണ്ടും പൊക്കിക്കൊണ്ടുവരുന്നതിന് പിന്നിൽ. പിണറായി വിജയനും വി.ഡി.സതീശനും വലിയ തിരിച്ചടി നേരിടും. നവംബർ 23 കഴിഞ്ഞാൽ സംസ്ഥാനത്തെ മുന്നണി ഘടനയിൽ മാറ്റം വരും.’’ സുരേന്ദ്രൻ പറഞ്ഞു. മുനമ്പം ഭൂമി പ്രശ്നത്തെക്കുറിച്ചും സുരേന്ദ്രൻ സംസാരിച്ചു.

മുനമ്പം ഭൂമി പ്രശ്നം എങ്ങനെയെങ്കിലും പരിഹരിക്കണമെന്നാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും വി.ഡി.സതീശനും പറയുന്നത്. എന്നാൽ അവകാശ വാദത്തിൽ‌നിന്ന് വഖഫ് ബോർഡ് പിൻമാറണം. യുപിഎ സർക്കാരിന്റെ കാലത്തെ പിഴവാണ് ഇതിന് കാരണം. വഖഫ് ബോർഡ് നിയമ ഭേദഗതിയെ എന്തിനാണ് പിണറായി വിജയൻ ഉൾപ്പെടെ എതിർക്കുന്നത്. പാലക്കാട്ടെ പല അഗ്രഹാരങ്ങളിലും ഇതേ പ്രശ്നമുണ്ട്. വഖഫ് ബോർഡ് നിയമഭേദഗതിക്കെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കണം. കേരളത്തിലെ കൈസ്തവ സഭ ഒന്നിച്ച് എതിർത്തിട്ടും എന്തുകൊണ്ടാണ് സർക്കാർ ഇടപെടാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *