ചോദ്യം: വയനാടിന് എന്തു നല്‍കി?, ഉത്തരം: കേരളത്തോടു ചോദിക്കൂ; ധനസഹായത്തിൽ ഉരുണ്ടുകളിച്ച് കേന്ദ്രം

0

 

തിരുവനന്തപുരം∙ വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എത്ര ധനസഹായം കേരളത്തിനു നല്‍കി എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം നല്‍കാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിവരാവകാശ പ്രകാരം പ്രധാനമന്ത്രിയുടെ ഓഫിസിന് നല്‍കിയ അപേക്ഷയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് മറുപടി നല്‍കിയിരിക്കുന്നത്. കേന്ദ്രം നല്‍കിയ ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ കേരള സര്‍ക്കാരിന്റെ പക്കലുണ്ടാകുമെന്നും വിവരങ്ങള്‍ അവിടെ ചോദിക്കുന്നതാണ് ഉചിതമെന്നും മറുപടിയില്‍ പറയുന്നു.

ദുരന്തത്തില്‍ ഇതുവരെ കേന്ദ്രസഹായം ലഭിക്കാത്തത് സംബന്ധിച്ചുള്ള പരാതികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ദേശീയ ദുരന്ത നിവാരണ നയം അനുസരിച്ച് ഇത്തരം ദുരന്തങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ (എസ്ഡിആര്‍എഫ്) നിന്നാണ് ദുരന്തബാധിതര്‍ക്ക് ആദ്യം സഹായം നല്‍കുക. ഗുരുതര സ്വഭാവമുള്ള ദുരന്തമാണെങ്കില്‍ പിന്നീട് ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ (എന്‍ഡആര്‍എഫ്) നിന്നും സഹായം അനുവദിക്കും.  കേന്ദ്രസംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാവും ഈ സഹായം ലഭ്യമാക്കുക.

എസ്ഡിആര്‍എഫില്‍നിന്നും എന്‍ഡിആര്‍എഫില്‍നിന്നും നഷ്ടപരിഹാരം എന്ന നിലയ്ക്കല്ല, സഹായം എന്ന നിലയിലാണ് പണം നല്‍കുന്നത്. ഇപ്പോഴത്തെ നയം അനുസരിച്ച് ദുരന്തത്തിന് പ്രത്യേക പാക്കേജ് നല്‍കാന്‍ മാനദണ്ഡമില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 251 പേര്‍ മരിക്കുകയും 47 പേരെ കാണാതാകുകയും ചെയ്ത മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 3 മാസം കഴിഞ്ഞിട്ടും ധനസഹായം അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വയനാട്ടിലേതു തീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോടും കേന്ദ്രം മുഖംതിരിക്കുകയാണ്.

ദുരന്തപ്രതികരണ നിധിയിലെ പണം ഉപയോഗിക്കാമെന്നു കേന്ദ്രം വാദിക്കുമ്പോഴും അപ്രായോഗികമായ വ്യവസ്ഥകള്‍ തടസ്സമാകുമെന്ന് റവന്യു ഉദ്യോഗസ്ഥര്‍ പറയുന്നു. ദുരന്തപ്രതികരണ നിധിയിലെ വ്യവസ്ഥ പ്രകാരം, പൂര്‍ണമായി തകര്‍ന്ന വീടിനു 1.30 ലക്ഷം രൂപയും ഒരു കിലോമീറ്റര്‍ റോഡ് നന്നാക്കാന്‍ 75,000 രൂപയും മാത്രമേ അനുവദിക്കാനാകൂ.  ദുരന്തനിവാരണത്തിന് ഫണ്ട് തടസ്സമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മറ്റു സംസ്ഥാനങ്ങള്‍ക്ക് അടിയന്തരസഹായം അനുവദിച്ചപ്പോഴും കേരളത്തിന്റെ ആവശ്യം നിരാകരിച്ചു. വിശദമായ അപേക്ഷ ഓഗസ്റ്റ് 18നു തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിരുന്നു.

ആദ്യഘട്ടത്തില്‍ 1500 കോടി രൂപയുടെ സഹായമാണു കേരളം അഭ്യര്‍ഥിച്ചത്. ദുരന്തത്തില്‍ ഇതുവരെ കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, പിഎം ദുരിതാശ്വാസ ഫണ്ട് എന്നിവയില്‍നിന്ന് ഇതുവരെ കേരളത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് കോടതി കേന്ദ്രത്തില്‍ നിന്ന് വിശദീകരണം തേടിയത്. കേരളത്തിന് അധിക ധനസഹായം അനുവദിക്കുന്ന കാര്യം പരിഗണിച്ചു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ വാര്‍ഷിക ദുരിതാശ്വാസ വിഹിതത്തില്‍ നിന്നുള്ള 782 കോടി രൂപ സംസ്ഥാനത്തിന്റെ പക്കലുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *