വിഴിഞ്ഞം: 817 കോടി തിരിച്ചടയ്ക്കണമെന്ന് 2015ല്‍ കേന്ദ്രം അറിയിച്ചു; രാഷ്ട്രീയ വിവാദം ഗുണമാകില്ല
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖത്തിനു വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ഇനത്തില്‍ നല്‍കുന്ന 817.80 കോടി രൂപ, വരുമാനം പങ്കുവയ്ക്കല്‍ മാതൃകയില്‍ തിരിച്ചു നല്‍കണമെന്നു കേന്ദ്ര സര്‍ക്കാര്‍ 2015ല്‍ തന്നെ സംസ്ഥാനത്തെ അറിയിച്ചിരുന്നു. തുറമുഖം ഡിസംബറില്‍ കമ്മിഷന്‍ ചെയ്യാനിരിക്കെയാണ് വിജിഎഫ് വിവാദം ഉയര്‍ന്നത്. ഇതോടെ പദ്ധതിക്കുള്ള കേന്ദ്ര ഫണ്ട് ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. വിജിഎഫ് വിഷയം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചിരുന്നു.
വിജിഎഫ് സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടയ്ക്കണമെന്ന കേന്ദ്ര നിബന്ധന സംസ്ഥാനത്തോടുള്ള ചതിയും വിവേചനവുമാണെന്നു തുറമുഖമന്ത്രി വി.എന്‍.വാസവനും പ്രതികരിച്ചു. എന്നാല്‍, കേന്ദ്രം മുന്‍കൂട്ടി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ എങ്ങനെയാണു വീണ്ടും ഉയര്‍ന്നുവന്നതെന്ന് വ്യക്തതയില്ലെന്ന് വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടു മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിഷയം രാഷ്ട്രീയവിവാദമാക്കാതെ കേന്ദ്രധനമന്ത്രിയെ നേരിട്ടു കണ്ട് കേരളത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്തി വിജിഎഫ് തിരിച്ചടവ് ഒഴിവാക്കാനാണു ശ്രമിക്കേണ്ടതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
വിഴിഞ്ഞത്തിനു വേണ്ടിയുള്ള വിജിഎഫിന്റെ അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ തന്നെ കേന്ദ്രം ഇക്കാര്യം കേരളത്തെ അറിയിച്ചിരുന്നുവെന്നാണു രേഖകൾ വ്യക്തമാക്കുന്നത്. ധനകാര്യ മന്ത്രാലയത്തിലെ പിപിപി സെല്‍ ഡയറക്ടര്‍ അഭിലഷ മഹാപാത്ര 2015 ഫെബ്രുവരി മൂന്നിനു സംസ്ഥാന തുറമുഖ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസിന് അയച്ച കത്തില്‍ റവന്യൂ ഷെയറിങ് സംബന്ധിച്ചു കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ് (പിപിപി) പദ്ധതികള്‍ക്കു സഹായം നല്‍കുന്ന പദ്ധതി പ്രകാരം കേന്ദ്രം നല്‍കുന്ന സഹായം തിരിച്ചടച്ചു തീരുന്നതുവരെ വരുമാനം പങ്കുവയ്ക്കുമെന്ന ഉപാധി കരാറില്‍ ഉണ്ടായിരിക്കണമെന്നു കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിഴിഞ്ഞത്തിന്റെ വികസനം ചര്‍ച്ച ചെയ്യുന്ന ഉന്നതാധികാര സമിതി യോഗത്തിന്റെ മിനിറ്റ്‌സിലും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിജിഎഫിന് അവസാന അംഗീകാരം നല്‍കിയ 2022ല്‍ നടത്തിയ ആശയവിനിമയത്തിലും കേന്ദ്രം വരുമാനം പങ്കുവയ്ക്കല്‍ സംബന്ധിച്ചു ത്രികക്ഷി കരാര്‍ ഒപ്പിടുന്നതിനെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്.വിഴിഞ്ഞത്തിന്റെ ആകെ പദ്ധതിത്തുക 4089 കോടി രൂപയാണെന്നാണു രേഖകളില്‍ വ്യക്തമാക്കുന്നത്. ഇതിന്റെ 40% കേന്ദ്രവും കേരളവും വിജിഎഫ് ആയി നല്‍കും. കേന്ദ്രം 817.80 കോടി രൂപയും കേരളം 817.18 കോടി രൂപയുമായി ആകെ 1634.98 കോടി രൂപയാണ് നല്‍കുന്നത്.
കേന്ദ്രം നല്‍കുന്ന സഹായം നെറ്റ് പ്രസന്റ് വാല്യൂ (എന്‍പിവി) പ്രകാരം തിരിച്ചടച്ചു തീരുന്നതുവരെ സംസ്ഥാന സര്‍ക്കാര്‍ വരുമാനത്തിന്റെ 20% പങ്കുവയ്ക്കണമെന്ന് 2022ലും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. തുറമുഖ കമ്മിഷനിങ്ങിന് 15 വര്‍ഷം കഴിഞ്ഞാണ് വരുമാനം പങ്കുവയ്‌ക്കേണ്ടത്. പദ്ധതിക്കാവശ്യമായ 8867 കോടി രൂപയില്‍ 5595 കോടി രൂപ സംസ്ഥാനമാണു മുടക്കുന്നതെന്നും മന്ത്രി വി.എന്‍.വാസവന്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ 2159 കോടി രൂപ സംസ്ഥാനം ചെലവഴിച്ചെങ്കിലും നയാപൈസ പോലും കേന്ദ്രം നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
തൂത്തുക്കുടി തുറമുഖത്തിനു തിരിച്ചടയ്‌ക്കേണ്ടാത്ത വിജിഎഫ് ആണ് കേന്ദ്രം അനുവദിച്ചിരിക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ തൂത്തുക്കുടി തുറമുഖം കേന്ദ്രത്തിനു കീഴിലുള്ള പോര്‍ട്ട് ട്രസ്റ്റിന്റെ നിയന്ത്രണത്തില്‍ ആയതിനാലാണ് ഇങ്ങനെ വിജിഎഫ് നല്‍കിയിരിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. പിപിപി മാതൃകയിലുള്ള പദ്ധതിക്ക് വിജിഎഫ് അനുവദിക്കുന്നത് ആദ്യമായി വിഴിഞ്ഞത്തിനാണ്. വിഴിഞ്ഞത്തിന്റെ നടത്തിപ്പു കമ്പനിയായ അദാനി പോര്‍ട്‌സും കേരള സര്‍ക്കാരും 15 വര്‍ഷത്തിനു ശേഷം വരുമാനം പങ്കുവയ്ക്കുകയാണ് ചെയ്യുന്നത്.
ഈ സാഹചര്യത്തിലാണ് 20% പണം മുടക്കുന്ന കേന്ദ്രത്തിനും വരുമാനത്തിന്റെ പങ്കു വേണമെന്ന ഉപാധി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ മുന്നോട്ടു വച്ചത്. അതേസമയം തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്നതോടെ കേന്ദ്രത്തിനു വന്‍തോതില്‍ കസ്റ്റംസ് തീരുവ ഇനത്തില്‍ വരുമാനം കിട്ടുമെന്നും ഈ സാഹചര്യത്തില്‍ വിജിഎഫ് ഇനത്തില്‍ കേരളത്തിനു വരുന്ന വന്‍ സാമ്പത്തികബാധ്യത ഒഴിവാക്കണമെന്നുമാണു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.