99 ദിവസങ്ങളിലെ ഫാന്‍ ബോയ് നിമിഷങ്ങള്‍: മോഹൻലാൽ–തരുണ്‍ മൂർത്തി ചിത്രത്തിനു പായ്ക്കപ്പ്
മലയാള സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–തരുൺ മൂർത്തി ചിത്രത്തിനു പായ്ക്കപ്പ്. പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണത്തിനായി അവസാനമായത്. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് എല്‍ 360 എന്നാണ് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്നത്. ‘‘99 ദിവസങ്ങളിലെ ഫാന്‍ ബോയ് നിമിഷങ്ങള്‍’’, എന്നാണ് ലൊക്കേഷനില്‍ നിന്നുള്ള പായ്ക്കപ്പ് ചിത്രങ്ങള്‍ക്കൊപ്പം തരുൺ കുറിച്ചു. നവംബര്‍ 8 ന് സിനിമയുടെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തും.
ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുട്ടംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ.
ഇദ്ദേഹത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.