രാജ്യവ്യാപകമായി 50000 ടവറുകൾ സ്ഥാപിച്ചു ; 4ജിയിൽ അതിവേഗം മുന്നേറി ബിഎസ്എൻഎൽ

0

4ജി സേവനങ്ങളിലേക്കുള്ള ബിഎസ്എന്‍എല്ലിന്റെ പരിവര്‍ത്തനം അതിവേഗത്തിലായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി 50000 ടവറുകള്‍ സ്ഥാപിച്ചതായി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു.

ആത്മനിര്‍ഭര്‍ ഭാരത് സംരംഭത്തിന് കീഴിലുള്ള നാഴികക്കല്ലാകുന്ന നേട്ടമാണിതെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, തേജസ് നെറ്റ് വര്‍ക്ക്‌സ്, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സി-ഡോട്ട്), ഐടിഐ ലിമിറ്റഡ് എന്നിവരുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ ഈ നേട്ടം കൈവരിച്ചത്. രാജ്യത്തിന്റെ കണക്ടിവിറ്റി ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഇന്ത്യയുടെ സ്വദേശീയ സാങ്കേതികവിദ്യയുടെ ശക്തി ഇതുവഴി വ്യക്തമാകുന്നുവെന്നും മന്ത്രാലയം പറഞ്ഞു.

പൂര്‍ണമായും ഇന്ത്യന്‍ കമ്പനികള്‍ വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യകളാണ് ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്നത്. ഒക്ടോബര്‍ 29 ഓടെ 50000 ടവറുകള്‍ സ്ഥാപിച്ചതായി മന്ത്രാലയം വ്യക്തമാക്കുന്നു. ഇതില്‍ 410000 ല്‍ ഏറെ ടവറുകള്‍ പ്രവര്‍ത്തനക്ഷമമാണ്.

പദ്ധതിയുടെ IX.2 ഘട്ടത്തിന് കീഴില്‍ ഏകദേശം 36,747 സൈറ്റുകളും ഡിജിറ്റല്‍ ഭാരത് നിധി ഫണ്ട് വഴി ധനസഹായം നല്‍കുന്ന 4ജി സാച്ചുറേഷന്‍ പ്രോജക്റ്റിന് കീഴില്‍ 5,000 സൈറ്റുകളും സ്ഥാപിച്ചു. ഒരു ലക്ഷത്തിലധികം 4ജി സൈറ്റുകള്‍ വിന്യസിക്കാനാണ് ബിഎസ്എന്‍എല്ലിന്റെ ലക്ഷ്യം.

2024 ജൂലായ് വരെ 15000 സൈറ്റുകളാണ് ബിഎസ്എന്‍എല്‍ സ്ഥാപിച്ചത്. പിന്നീടുള്ള മൂന്ന് മാസക്കാലം കൊണ്ടാണ് 25000 പുതിയ 4ജി സൈറ്റുകള്‍ സ്ഥാപിച്ചത്.

ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവുമായുള്ള 24500 കോടി രൂപയുടെ കരാറിന് കീഴിലാണ് 4ജി സൈറ്റുകളുടെ വിന്യാസം പുരോഗമിക്കുന്നത്. 4ജി ഉപകരണങ്ങളും മറ്റ് ഭാഗങ്ങളും ഈ കണ്‍സോര്‍ഷ്യം നല്‍കും. 10 വര്‍ഷത്തെ അറ്റകുറ്റപ്പണിയും കരാറിന്റെ ഭാഗമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *