മതവിശ്വാസത്തിന്റെ പേരിൽ ഷോർട്സ് ധരിക്കാൻ വിസമ്മതിച്ചു; വനിതാ താരത്തെ തടഞ്ഞതിൽ ക്ഷമാപണം

0

 

ലണ്ടൻ∙ മതവിശ്വാസത്തിന്റെ പേരിൽ ഷോർട്സ് ധരിച്ച് കളിക്കാൻ വിസമ്മതിച്ച മുസ്‌ലിം യുവതിയെ ഗ്രൗണ്ടിൽ പ്രവേശിപ്പിക്കാത്ത സംഭവം വിവാദമായതിനു പിന്നാലെ, ക്ഷമാപണവുമായി ഇംഗ്ലിഷ് ഫുട്ബോൾ അസോസിയേഷൻ (എഫ്എ). സൊമാലിയയിൽ നിന്നുള്ള ഇഖ്‌റ ഇസ്മയിൽ എന്ന വനിതാ ഫുട്ബോൾ താരത്തിനാണ് ദുരനുഭവമുണ്ടായത്. മത്സരത്തിനിടെ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങാൻ ഒരുങ്ങിയ ഇഖ്‌റയെ, ഷോർട്സ് ധരിക്കാതെ കളിക്കാനാകില്ലെന്ന് വ്യക്തമാക്കി റഫറി തടയുകയായിരുന്നു. വേഷം മാറ്റാൻ ഇഖ്‌റ വിസമ്മതിച്ചതോടെ കളിക്കാനുമായില്ല.

ഗ്രേറ്റർ ലണ്ടൻ വിമൻസ് ഫുട്ബോൾ ലീഗ് മത്സരത്തിനിടെയാണ് സംഭവം.ടവർ ഹാംലെറ്റ്സിനെതിരായ മത്സരത്തിൽ യുണൈറ്റഡ് ഡ്രാഗൺസിന്റെ താരമായിരുന്നു ഇ‌ഖ്‌റ ഇസ്മയിൽ. മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിക്കുന്നതിനു തൊട്ടുമുൻപ് യുവതിയെ പകരക്കാരിയായി കളത്തിലിറക്കാൻ ടീം ശ്രമിച്ചപ്പോഴാണ് റഫറി ഇടപെട്ട് തടഞ്ഞത്.

അഞ്ച് വർഷത്തോളമായി ട്രാക്ക്സ്യൂട്ട് ധരിച്ചാണ് താൻ കളിക്കാറുള്ളതെന്ന് ഇഖ്‌റ പ്രതികരിച്ചു. ‘‘എന്റെ മതവിശ്വാസവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരിൽ ഗ്രേറ്റർ ലണ്ടൻ വിമൻസ് ഫുട്ബോൾ ലീഗിൽ എനിക്ക് കളിക്കാൻ അനുമതി നിഷേധിച്ചു. ഞാൻ ഷോർട്സ് ധരിക്കാൻ വിസമ്മതിച്ചതാണ് കാരണം’ – യുവതി പ്രതികരിച്ചു.

‘‘ഏതാണ്ട് അഞ്ച് വർഷത്തോളമായി ഞാൻ ഈ ലീഗിൽ കളിക്കുന്നുണ്ട്. ട്രാക്സ്യൂട്ട് ധരിച്ചാണ് ഇക്കാലമത്രയും കളിച്ചിട്ടുള്ളതും. പക്ഷേ, ഓരോ വർഷം കഴിയുന്തോറും എന്നേപ്പോലുള്ള താരങ്ങൾക്ക് അവർ എല്ലാം കൂടുതൽ വിഷമകരമാക്കി മാറ്റുകയാണ്’ – ഇഖ്‌റ പറഞ്ഞു.

‘‘എന്റെ മതവിശ്വാസത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ കളിക്കാനാകില്ലെന്ന് ഇത്തവണ അവർ നിലപാടെടുത്തു. ഞായറാഴ്ച നടന്ന മത്സരത്തിൽ മിഡിൽസെക്സ് ഫുട്ബോൾ അസോസിയേഷന്റെ റഫറിയാണ് എന്നെ തടഞ്ഞത്. എന്നേപ്പോലുള്ള താരങ്ങളെ ട്രാക്ക്സ്യൂട്ട് ധരിച്ച് കളിക്കാൻ അനുവദിക്കേണ്ടതില്ലെന്ന് തനിക്ക് വ്യക്തമായ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്’ – ഇഖ്‌റ വിശദീകരിച്ചു.

അതേസമയം, ഇനിമുതൽ ട്രാക്ക്സ്യൂട്ട് ധരിച്ച് കളിക്കുന്നവരെ ആരും തടയില്ലെന്ന് എഫ്എ വക്താവ് അറിയിച്ചു. ‘സംഭവം അസോസിയേഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉടൻതന്നെ മിഡിൽസെക്സ് ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാനും നിർദ്ദേശിച്ചു’ – വക്താവ് പറഞ്ഞു.

‘മതവിശ്വാസവുമായി ബന്ധപ്പെട്ട വസ്ത്രം ധരിച്ച് കളിക്കാൻ യുവതികളെയും പെൺകുട്ടികളെയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എല്ല കൗണ്ടി ഫുട്ബോൾ അസോസിയേഷനുകൾക്കും ഞങ്ങൾ കത്തു നൽകിയിട്ടുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു അന്തരീക്ഷം ഇംഗ്ലിഷ് ഫുട്ബോൾ ഫെഡറേഷനിൽ കൊണ്ടുവരാൻ ഊർജിതമായ ശ്രമമുണ്ടാകും’ – അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *