ശക്തമായ പോരാട്ടത്തിന് ബിജെപി ; ചേലക്കരയുടെ സ്വന്തം ബാലേട്ടൻ, പോസ്റ്ററുകളിൽ നിറഞ്ഞ് സുരേഷ് ഗോപിയും

0

ചേലക്കര∙ ചേലക്കരയിൽ ശക്തി പരീക്ഷണത്തിനൊരുങ്ങുന്ന ബിജെപി ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത് തിരുവില്വാമലയുടെ സ്വന്തം ബാലേട്ടനെയാണ്. ബാലേട്ടന് വോട്ട് എന്ന രീതിയിൽ തന്നെയാണ് ചേലക്കര മണ്ഡലത്തിലാകെ പോസ്റ്ററുകൾ നിറഞ്ഞിരിക്കുന്നത്. തിരുവില്വാമല പഞ്ചായത്തിലെ മുൻ വൈസ് പ്രസിഡന്റ് കൂടിയായ ബാലകൃഷ്ണനിലൂടെ മികച്ച പോരാട്ടം പുറത്തിറക്കാമെന്നു തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ. ഒരുപിടി ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും ബിജെപിക്ക് ഉണ്ടെങ്കിലും ബാലേട്ടനൊപ്പം ഫ്ലെക്സുകളിൽ നിറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും തന്നെ. ചേലക്കര ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണെങ്കിലും തൊട്ടടുത്ത തൃശൂർ മണ്ഡലത്തിലെ എംപിയായ സുരേഷ് ഗോപിയുടെ ചിത്രങ്ങൾ കൊണ്ട് സമ്പന്നമാണ് ബിജെപി പ്രചാരണ ബോർഡുകൾ. ഒന്നാംഘട്ട പ്രചാരണത്തിനിടെ കൊണ്ടാഴി ഡിസി കോളനിയിൽ വോട്ടഭ്യർഥിക്കാൻ എത്തിയ ബിജെപി സ്ഥാനാർഥി കെ.ബാലകൃഷ്ണൻ മനോരമ ഓൺലൈനോടു പ്രതികരിക്കുകയാണ്.

‘‘വളരെ നല്ല പ്രതീക്ഷയോടെയാണു ബിജെപി ചേലക്കര ഉപതിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. ആദ്യ ഘട്ട പ്രചാരണം പൂർത്തിയാകുകയാണ്. ബിജെപി വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. സമീപ മണ്ഡലങ്ങളെ അപേക്ഷിച്ചു വളരെ മോശം അവസ്ഥയിൽ നിൽക്കുന്ന മണ്ഡലമാണ് ചേലക്കര. അതുകൊണ്ട് തന്നെ ചേലക്കരയിൽ ഒരു മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു. രണ്ടു മുന്നണികൾക്കും ചേലക്കരക്കാർ അവസരം നൽകിയതാണ്. ബിജെപി ഇവിടെ വരട്ടെ എന്നു തന്നെയാണ് ചേലക്കരക്കാർ ആഗ്രഹിക്കുന്നത്.

കുത്താമ്പുള്ളി കൈത്തറി ഗ്രാമത്തിനായി കേന്ദ്ര സർക്കാർ പദ്ധതി ആവിഷ്കരിച്ചിരുന്നു. തിരുവില്വാമല പഞ്ചായത്തിൽ ബിജെപി അധികാരത്തിൽ ഇരുന്ന സമയത്ത് മികച്ച പദ്ധതികൾ കുത്താമ്പുള്ളിക്കായി തയാറാക്കി. അതിനിടയിലാണ് എൽഡിഎഫും യുഡിഎഫും ചേർന്ന് ബിജെപിയെ പഞ്ചായത്ത് ഭരണത്തിൽനിന്നു പുറത്താക്കിയത്. അവിടെ ഒട്ടനവധി സാധാരണക്കാർ ഉണ്ട്. കൈത്തറി ജീവനക്കാർക്കു കൂലി കിട്ടാത്തതു വലിയ പ്രതിസന്ധിയാണ്.

ബിജെപിയെ സംബന്ധിച്ചിടത്തോളം കേന്ദ്ര സർക്കാരിന്റെ വികസന കാഴ്ചപ്പാടും സംഘടനയോടുള്ള താല്പര്യവുമൊക്കെയാണ് വോട്ടായി മാറുക. എതിർസ്ഥാനാർഥികളായ യു.ആർ. പ്രദീപിനും രമ്യ ഹരിദാസിനും ചേലക്കരക്കാർ അവസരം കൊടുത്തതാണ്. രണ്ടുപേരും എന്തു ചെയ്തുവെന്നത് ചേലക്കരയുടെ പൊതുസമൂഹത്തിന് അറിയാം. മൂന്നാമതൊരാൾക്ക് ചേലക്കരക്കാർ അവസരം നൽകണമെന്നതാണ് അഭ്യർഥന. നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടുകൾ വോട്ടായി മാറുക തന്നെ ചെയ്യും’’ – ബാലകൃഷ്ണൻ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *