രാഹുൽ ലഖ്നൗ വിടും,കോലി വീണ്ടും ക്യാപ്റ്റൻ? ; IPLൽ ടീമുകൾ നിലനിർത്തുന്ന കളിക്കാരെ ഇന്നറിയാം

0

ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റ് താരലേലത്തിനു മുന്നോടിയായി ഓരോ ടീമുകളും നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക സമര്‍പ്പിക്കാനുള്ള അവസാനദിവസം വ്യാഴാഴ്ച. വൈകീട്ട് അഞ്ചിനുമുന്‍പ് പട്ടിക സമര്‍പ്പിക്കണം. 2024-ല്‍ കളിച്ച ടീമിലുണ്ടായിരുന്ന പരമാവധി ആറുപേരെ നിലനിര്‍ത്താം. ഓരോ ടീമിനും 120 കോടി രൂപ കളിക്കാര്‍ക്കുവേണ്ടി ചെലവിടാം. നിലനിര്‍ത്തുന്ന താരങ്ങള്‍ക്ക് നിശ്ചിതമൂല്യം നിശ്ചിയിച്ചിട്ടുണ്ട്. ഇതുകഴിച്ചുള്ള തുക ലേലത്തില്‍ ചെലവഴിക്കാം. നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക നല്‍കുന്നതോടെ ലേലനടപടികള്‍ വേഗത്തിലാകും. ലേലത്തിന്റെ വേദിയും തീയതിയും പ്രഖ്യാപിച്ചിട്ടില്ല.

രാഹുല്‍ ലഖ്നൗ വിടും

മൂന്നു സീസണുകളില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റനായിരുന്ന കെ.എല്‍. രാഹുല്‍ ടീം വിട്ടേക്കും. അങ്ങനെയെങ്കില്‍ ലേലത്തിലെ പ്രധാന ആകര്‍ഷണമാകും രാഹുല്‍. മുന്‍നിര ബാറ്റര്‍ എന്നതിനൊപ്പം ക്യാപ്റ്റന്‍ എന്നനിലയ്ക്കുള്ള പരിചയസമ്പത്തും രാഹുലിനെ ശ്രദ്ധാകേന്ദ്രമാക്കും.

ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ്, ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകള്‍ രാഹുലിനെ വാങ്ങാന്‍ തയ്യാറെടുക്കുന്നുവെന്ന് സൂചനയുണ്ട്. കഴിഞ്ഞ സീസണിലെ മത്സരത്തിനിടെ ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക രാഹുലിനെ പരസ്യമായി വിമര്‍ശിച്ചത് വിവാദമായിരുന്നു. ഗോയങ്കയുമായി ഈയിടെ രാഹുല്‍ കൂടിക്കാഴ്ച നടത്തിയതോടെ പ്രശ്നം പരിഹരിച്ചെന്നു കരുതിയെങ്കിലും ടീമില്‍ തുടരാന്‍ താരത്തിന് താത്പര്യമില്ലെന്നാണ് സൂചന.

വീണ്ടും ക്യാപ്റ്റന്‍ കോലി?

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ നായകനായി വിരാട് കോലി തിരിച്ചെത്തുമെന്ന് വാര്‍ത്ത. ഐ.പി.എലിന്റെ തുടക്കംതൊട്ട് ബെംഗളൂരു ടീമില്‍ കളിക്കുന്ന കോലി 2013 മുതല്‍ 21 വരെ ടീമിന്റെ നായകനായിരുന്നു. ഇതിനിടെ നാലുതവണ ടീം പ്ലേ ഓഫിലെത്തിയെങ്കിലും കിരീടം നേടാനായില്ല. ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ നായകസ്ഥാനം ഉപേക്ഷിച്ചതിനുപിന്നാലെ 2022 സീസണിനു മുന്നോടിയായി കോലി ബെംഗളൂരുവിന്റെയും നായകപദവി ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കക്കാരനായ ഫാഫ് ഡുപ്ലസിയാണ് കഴിഞ്ഞ മൂന്നു സീസണുകളില്‍ ടീമിനെ നയിച്ചത്. ഡുപ്ലസിക്ക് 40 വയസ്സായി. നായകസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാവുന്ന മറ്റു പേരുകള്‍ ടീമിലില്ല. ഈ സാഹചര്യത്തില്‍ കോലിയെത്തന്നെ ക്യാപ്റ്റനാക്കുന്നതിനെപ്പറ്റി ചര്‍ച്ചതുടങ്ങി എന്നാണു റിപ്പോര്‍ട്ട്.

പന്ത് നായകനാകില്ല

ഋഷഭ് പന്ത് ഇക്കുറി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍സ്ഥാനം ഉപേക്ഷിച്ചേക്കും. പകരം അക്സര്‍ പട്ടേലിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നു. അല്ലെങ്കില്‍ നായകനാക്കാന്‍പറ്റിയ ഒരാളെ ലേലത്തില്‍ സ്വന്തമാക്കും. കാറപകടത്തെത്തുടര്‍ന്ന് ഒരുവര്‍ഷത്തിലേറെ വിശ്രമത്തിലായിരുന്ന ഋഷഭ് കഴിഞ്ഞ ഐ.പി.എലിലാണ് മത്സരരംഗത്തേക്ക് തിരിച്ചെത്തിയത്. ഒപ്പം നായകസ്ഥാനവും ഏറ്റെടുത്തു. നായകഭാരമില്ലെങ്കില്‍ ഋഷഭിന് കൂടുതല്‍ നേട്ടമുണ്ടാക്കാനാകുമെന്ന് ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നു.

ഗില്ലിന് പ്രതിഫലം കുറച്ചുമതി

: പ്രധാന താരങ്ങളെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായതായി റിപ്പോര്‍ട്ട്. റാഷിദ് ഖാന്‍, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, രാഹുല്‍ തെവാട്ടിയ തുടങ്ങിയവരെ ഗുജറാത്ത് ടീം നിലനിര്‍ത്തുമെന്നാണ് സൂചന. നിലനിര്‍ത്തുന്ന ഒന്നാമനായി റാഷിദും രണ്ടാമനായി ഗില്ലുമായിരിക്കും. ആദ്യത്തെയാളുടെ പ്രതിഫലം 18 കോടി രൂപയും രണ്ടാമത്തെയാളുടേത് 14 കോടിയുമായിരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *