9 മാസത്തിനുള്ളിൽ മരിച്ചത് 438 പേർ, ഓരോ മാസവും ശരാശരി 48 മരണം ; ജീവനെടുക്കുന്ന പകർച്ചവ്യാധികൾ

0

തിരുവനന്തപുരം∙ സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളില്‍ 438 പേരുടെ ജീവനെടുത്തതായി ആരോഗ്യവകുപ്പ്. അതായത് ഓരോ മാസവും ശരാശരി 48 പേര്‍ വീതം പകര്‍ച്ചവ്യാധി മൂലം മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എലിപ്പനി, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, മസ്തിഷ്‌ക ജ്വരം തുടങ്ങി മറ്റു നാടുകളില്‍നിന്നു എത്തുന്ന എംപോക്‌സ് പോലെയുള്ള രോഗങ്ങളും സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2024 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ എലിപ്പനി ബാധിച്ചാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് – 153 പേര്‍. ഡെങ്കിപ്പനി ബാധിച്ച് 60 പേരും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 58 പേരും എച്ച്1 എന്‍1 ബാധിച്ച് 57 പേരും മരിച്ചു. മസ്തിഷ്‌ക ജ്വരം ബാധിച്ച 76 പേരില്‍ 19 പേരാണ് മരിച്ചത്. പേവിഷ ബാധ 18 ജീവനെടുത്തു. പനി ബാധിച്ച് മരിച്ചത് 14 പേരാണ്. ചിക്കന്‍പോക്‌സ് 16 പേരുടെ ജീവന്‍ അപഹരിച്ചു. ഈ കാലയളവില്‍ 17119 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു. 2467 പേര്‍ എലിപ്പനി ബാധിച്ചും 5286 പേര്‍ ഹെപ്പറ്റൈറ്റിസ് എ ബാധിച്ചും ചികിത്സ തേടി. 20647 പേര്‍ക്കു ചിക്കന്‍പോക്‌സ് പിടിപെട്ടു. 20 ലക്ഷത്തിലേറെ പേര്‍ പനി ബാധിതരായിരുന്നു.

കാലാവസ്ഥാ വ്യതിയാനം, മനുഷ്യരുടെയും ജന്തുക്കളുടെയും ആവാസവ്യവസ്ഥയിലെ മാറ്റം, അതിഥി തൊഴിലാളികളുടെ വര്‍ധനവ്, പരിസര മലിനീകരണം തുടങ്ങി വിവിധ കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *