കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ ചെലവഴിച്ചത് 64,217 കോടി രൂപ; ശമ്പളവും പെന്‍ഷനും നൽകൽ
തിരുവനന്തപുരം∙ 2023-24 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റുമായി ശമ്പളവും പെന്‍ഷനും നൽകാൻ ആകെ ചെലവഴിക്കേണ്ടിവന്നത് 64,217.09 കോടി രൂപ. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പിഎസ്സിയിലെ അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്‌സനല്‍ സ്റ്റാഫിനുമായി 2023-24 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ശമ്പള ഇനത്തില്‍ നല്‍കിയത് 38,572.85 കോടി രൂപയാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എഡയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും മറ്റ് പെന്‍ഷനറി ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്കുമായി ആകെ പെന്‍ഷന്‍ നല്‍കിയത് 25644.24 കോടി രൂപ. അക്കൗണ്ടന്റ് ജനറലിന്റെ പ്രാരംഭ കണക്കുകള്‍ പ്രകാരമാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2023-24ല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 27,754.62 കോടി രൂപയും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളമായി 10,623.11 കോടി രൂപയുമാണ് നല്‍കിയിരിക്കുന്നത്. പിഎസ് സിയിലെ അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും 145.55 കോടി, മന്ത്രിമാര്‍ക്ക് 3.31 കോടി, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്‌സണല്‍ സ്റ്റാഫിന് 46.26 കോടി രൂപ എന്നിങ്ങനെയാണ് ശമ്പളം നല്‍കിയിരിക്കുന്നത്. 2016-17ല്‍ എല്ലാവര്‍ക്കുമായി ആകെ ശമ്പള ഇനത്തില്‍ 28,044.75 കോടിയും പെന്‍ഷനായി 15,277.03 കോടി രൂപയുമാണ് നല്‍കിയിരുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കിയിരുന്നില്ല. ഇത് 2021-22 സാമ്പത്തിക വര്‍ഷത്തിലാണ് അനുവദിച്ചത്. 11-ാം ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി ലയിപ്പിച്ച ക്ഷാമബത്ത, ക്ഷാമാശ്വാസ കുടിശിക എന്നിവ അനുവദിച്ചതും 2021-22 സാമ്പത്തിക വര്‍ഷത്തിലാണ്.