ഷാർജയിലെ സംഗീതവിദ്യാലയത്തിൽ ഡയറക്ടർ ബോർഡ് അംഗമെന്ന ബഹുമതി, കണ്ണ് നിറഞ്ഞ് എം.ജി.ശ്രീകുമാർ
ഗായകൻ എം.ജി.ശ്രീകുമാറിനെ ആദരിച്ച് ഷാർജ ഭരണാധികാരിയുടെ പ്രൈവറ്റ് കൺസൾട്ടന്റ് എച്ച്.ഇ.മുഹമ്മദ് ബിൻ അബ്ദുല്ല അൽ മർസൂഖി. തന്റെ മ്യൂസിക് സ്കൂളിന്റെ ഷെയർ നൽകി ശ്രീകുമാറിനെ തങ്ങളോടൊപ്പം നിർത്താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എം.ജി.ശ്രീകുമാർ സംഗീതജീവിതത്തിൽ 4 പതിറ്റാണ്ട് പൂർത്തിയാക്കുന്നതിനോടനബന്ധിച്ചു നടത്തിയ ‘എംജി അറ്റ് ഫോർട്ടി’ എന്ന ആഘോഷപരിപാടിക്കിടെയായിരുന്നു ഗായകനെത്തേടി അപൂർവ അംഗീകാരം എത്തിയത്. അപ്രതീക്ഷിതമായി ലഭിച്ച നേട്ടത്തിൽ അറിയാതെ കണ്ണ് നിറഞ്ഞുപോയെന്നും ഒരുപാട് സന്തോഷമുണ്ടെന്നും എം.ജി.ശ്രീകുമാർ മനോരമ ഓൺലൈനിനോടു പ്രതികരിച്ചു.
‘ഇതൊരു വലിയ അംഗീകാരമാണ്. എച്ച്.ഇ.മുഹമ്മദ് ബിൻ അബ്ദുല്ല അൽ മർസൂഖി ഞങ്ങളുടെ പരിപാടിയുടെ ചീഫ് ഗസ്റ്റ് ആയിരുന്നു. ഞാൻ പാടിക്കൊണ്ടിരുന്നപ്പോൾ അദ്ദേഹം വേദിയിലേക്കു കടന്നു വന്നു. ഞങ്ങൾ പാട്ടുനിർത്തി, അവരുടെ ദേശീയ ഗാനം അവിടെ കേൾപ്പിച്ചു. ഞാൻ ഷാർജ ടു ഷാർജ എന്ന സിനിമയിലെ ‘‘പതിനാലാം രാവിന്റെ’’ എന്ന പാട്ട് പാടി. പാട്ടും മൃദംഗവും മറ്റു സംഗീത ഉപകാരണങ്ങളുമുള്ള ജുഗല്ബന്ധി കഴിഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. പിന്നാലെയായിരുന്നു പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം. അതിനായി അദ്ദേഹം സ്റ്റേജിലേക്കു കടന്നു വന്നു. എന്റെ ശബ്ദം അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമാണെന്നു പറഞ്ഞു.
അതിനു ശേഷം എന്നെ ആദരിക്കുന്ന ചടങ്ങായിരുന്നു. അതുകഴിഞ്ഞ് അദ്ദേഹം മൈക്ക് കയ്യിലെടുത്ത് പറഞ്ഞു, നിങ്ങളുടെ പാട്ട് മലയാളമായിരിക്കും. എന്നാൽ സംഗീതത്തിനു ഭാഷയില്ല. മിസ്റ്റർ ശ്രീകുമാറിനെ ഞാൻ എന്റെ മ്യൂസിക് സ്കൂളിന്റെ ഷെയർ നൽകി ഞങ്ങളോടൊപ്പം നിർത്താൻ ആഗ്രഹിക്കുന്നു. അപ്പോൾ ഞാൻ കരുതിയത് അദ്ദേഹം തന്റെ സ്കൂളിലേക്ക് എന്നെ ക്ഷണിക്കുകയായിരിക്കും എന്നാണ്. ഞാൻ പറഞ്ഞു സർ, ഞാൻ അങ്ങേക്കു വേണ്ടി വർക്ക് ചെയ്യാം. അത് കേട്ടപ്പോൾ മുഹമ്മദ് ബിൻ അബ്ദുല്ല പറഞ്ഞത് “നോ.. നോ.. യു ആർ മൈ പാർടണർ” എന്നാണ്. തുടർന്ന് അദ്ദേഹം തന്റെ സ്കൂളിന്റെ ഒരു ഓഹരി വാഗ്ദാനം ചെയ്യുകയും സ്കൂളിന്റെ ഡയറക്ടർ ബോർഡ് മെംബർ ആയി പ്രഖ്യാപിക്കുകയും ചെയ്തു. ഞങ്ങളെല്ലാം തന്നെ ഞെട്ടിപ്പോയി. അപ്രതീക്ഷിതമായ ആ പ്രഖ്യാപനം കേട്ട് എന്റെ കണ്ണ് നിറഞ്ഞു. ഇതൊരു വലിയ ബഹുമതിയാണ്. സാധാരണ അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ അവരുടെ ഭരണ സ്ഥാനങ്ങളിലേക്ക് അന്യ രാജ്യക്കാരെ എടുക്കാറില്ല. എനിക്ക് അദ്ദേഹത്തോടു മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ല. ഒടുവിൽ അദ്ദേഹത്തോടുള്ള ബഹുമാനാർഥം ഞാൻ ഒരു കീർത്തനം ആലപിച്ചു’, എം.ജി.ശ്രീകുമാർ പറഞ്ഞു.
യുഎഇയിൽ ദുബായ് ആണ് കൂടുതൽ സമ്പന്നമായ നാടെങ്കിലും ഷാർജയിലാണ് സ്കൂളുകൾ കൂടുതലുള്ളത്. വിദ്യാഭ്യാസത്തിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ആളാണ് ഷാർജയിലെ ഷെയ്ഖ്. അദ്ദേഹത്തിന്റെ പ്രൈവറ്റ് കൺസൾട്ടന്റ് ആണ് എച്ച്.ഇ.മുഹമ്മദ് ബിൻ അബ്ദുല്ല അൽ മർസൂഖി. അദ്ദേഹമാണ് ഷാർജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. അദ്ദേഹത്തിൽ നിന്നാണ് മലയാളികളുടെ പ്രിയ ഗായകനായ എം.ജി.ശ്രീകുമാറിന് ഈ അപൂർവ അംഗീകാരം ലഭിച്ചത്.