മൊഴി തള്ളാതെ കലക്ടർ അരുൺ ; ‘ദിവ്യയെ ക്ഷണിച്ചിട്ടില്ല; പറയേണ്ട ഭാഗങ്ങൾ പറഞ്ഞിട്ടുണ്ട്
കണ്ണൂർ∙ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ ശേഷം നവീൻ ബാബു തന്നെ കണ്ടെന്നും, തെറ്റ് പറ്റിയെന്ന് പറഞ്ഞെന്നുമുള്ള മൊഴി തള്ളാതെ കലക്ടർ അരുൺ കെ.വിജയൻ. കൂടുതൽ കാര്യങ്ങൾ പറയാൻ പരിമിതിയുണ്ടെന്നും ഇനിയും വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു. കോടതി വിധിയിൽ വന്ന മൊഴി നിഷേധിക്കുന്നില്ല. ലാൻഡ് റവന്യു ജോയിൻ കമ്മിഷണർക്ക് നൽകിയ മൊഴിയും സമാനമാണ്. എട്ടു മാസം തന്റെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. കുടുംബത്തിനു കൊടുത്ത കത്തിലുള്ള കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും അരുണ്‍ കെ.വിജയന് പറഞ്ഞു.
‘‘തനിക്കെതിരായ കുടുംബത്തിന്റെ ആരോപണങ്ങളിൽ അന്വേഷണം നടക്കട്ടെ. അവധി അപേക്ഷ നീട്ടി എന്ന ആരോപണങ്ങളെല്ലാം അന്വേഷിക്കാം. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ല. നവീൻ സംസാരിച്ചതിന്റെ വിശദാംശങ്ങൾ ഇപ്പോൾ പറയാനാകില്ല. മൊഴി നൽകിയിട്ടുണ്ട്. സത്യം സത്യമായിട്ട് തന്നെ പറഞ്ഞിട്ടുണ്ട്. കോടതി വിധിയിലുള്ള കാര്യങ്ങൾ പുറത്തുവന്നതിനപ്പുറം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. തനിക്ക് പറയേണ്ട ഭാഗങ്ങൾ പറഞ്ഞിട്ടുണ്ട്.’’ – അരുൺ കെ. വിജയൻ പറഞ്ഞു. അതേസമയം കലക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ചു നില്‍ക്കുകയാണ് പി.പി. ദിവ്യ.