ഈ ദീപാവലി ‘സ്പെഷ്യ’ലെന്ന് മോദി ; ‘500 വർഷങ്ങൾക്കുശേഷം രാമൻ അയോധ്യയിൽ
ന്യൂഡല്‍ഹി: ഇത്തവണത്തെ ദീപാവലി പ്രത്യേകതകള്‍ ഏറെയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ ക്ഷേത്രം യാഥാര്‍ഥ്യമായത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ പരാമര്‍ശം. 500 വര്‍ഷങ്ങള്‍ക്കുശേഷം രാമനോടൊപ്പമുള്ള ദീപാവലിയാണ് ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു. റോസ്ഗാര്‍ മേളയില്‍ നിയമന ഉത്തരവ് നല്കിയ ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം.
‘എല്ലാവര്ക്കും എന്റെ ഹൃദയംഗമമായ ധന്തേരാസ് ആശംസകള്‍. രണ്ടുദിവസത്തിനുള്ളില്‍ നമ്മള് ദീപാവലി ആഘോഷിക്കും. ഈ വര്‍ഷത്തെ ദീപാവലിക്ക് പ്രത്യേകതകളുണ്ട്. 500 വര്‍ഷങ്ങള്‍ക്കുശേഷം ഭഗവാന് ശ്രീരാമന് അയോധ്യയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രൗഢമായ ക്ഷേത്രത്തില്‍ അദ്ദേഹത്തോടൊപ്പം ആഘോഷിക്കുന്ന ആദ്യത്തെ ദീപാവലിയാണിത്’, എന്നായിരുന്നു മോദിയുടെ വാക്കുകള്‍.
വിപുലമായ രീതിയിലാണ് ഇത്തവണ അയോധ്യയില്‍ ദീപാവലി ആഘോഷിക്കുന്നത്. 25 ലക്ഷം കളിമണ്‍ ചെരാതുകളിലാണ് ദീപം തെളിക്കുക. ലേസര്‍, ഡ്രോണ്‍, സൗണ്ട് ഷോകളും ഇതിന്റെ ഭാഗമായി ഉണ്ടാവും. ദീപോത്സവത്തിന്റെ തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തിലാണെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.