പിന്നിൽ മെക്സിക്കൻ സംഘം, പിടിയിലായവരിൽ തിഹാർ ജയിൽ വാർഡനും ; MDMA നിർമിക്കാൻ അത്യാധുനിക ലാബ്
ഡല്‍ഹി: അനധികൃതമായി പ്രവർത്തിച്ച മെതാഫെറ്റമിന്‍ (എം.ഡി.എം.എ) നിര്‍മിക്കുന്ന ലാബ് കണ്ടെത്തി നശിപ്പിച്ച് അന്വേഷണസംഘം. സംഭവത്തില്‍ തിഹാര്‍ ജയില്‍ വാര്‍ഡനേയും ഒരു മയക്കുമരുന്ന് കച്ചവടക്കാരനെയും പിടികൂടി. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ് നഗര്‍ ജില്ലയിലെ കസാന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ലാബ് സ്ഥിതിചെയ്തിരുന്നത്. ദ്രാവകാവസ്ഥയിലും ഖരാവസ്ഥയിലുമുള്ള 95 ഗ്രാം മെതാഫെറ്റമിനാണ് റെയ്ഡില്‍ കണ്ടെത്തിയത്.
ഡല്‍ഹി പോലീസും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി)യും നടത്തിയ സംയുക്തമായ ഓപ്പറേഷനിലാണ് രഹസ്യകേന്ദ്രത്തിൽ മെതാഫെറ്റമിന്‍ നിര്‍മിക്കുന്നതായി കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് ചൊവ്വാഴ്ചയാണ് അന്വേഷണസംഘം പ്രസ്താവന പുറത്തുവിട്ടത്. വിദേശത്തേക്ക് കടത്തുന്നതിനും ഇന്ത്യയില്‍ ഉപയോഗത്തിനുമായാണ് പ്രതികള്‍ മെതാഫെറ്റിമിന്‍ നിര്‍മിച്ചിരുന്നതെന്നും മെക്‌സിക്കന്‍ ക്രിമിനല്‍ സംഘമായ സിജെഎന്‍ജി (Cartel De Jalisco Nueva Generaction) ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പ്രസ്താവനയില്‍ പറയുന്നു.
അസെറ്റോണ്‍, സോഡിയം ഹൈഡ്രോക്‌സൈഡ്, മെഥിലീന്‍ ക്ലോറൈഡ്, പ്രീമിയം ഗ്രേഡ് എഥനോള്‍, റെഡ് ഫോസ്ഫറസ്, ഈഥൈല്‍ അസെറ്റേറ്റ് തുടങ്ങിയ രാസവസ്തുക്കളും മയക്കുമരുന്ന് നിര്‍മാണത്തിനായി ഇറക്കുമതിചെയ്ത മെഷീനുകളും അന്വേഷണത്തില്‍ കണ്ടെത്താനായിട്ടുണ്ട്.
അന്വേഷണസംഘം നടത്തിയ റെയ്ഡിനിടെ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ബിസിനസുകാരനാണ് കേന്ദ്രത്തിൽനിന്ന് പിടിയിലായത്. ലഹരിയുമായി ബന്ധപ്പെട്ട് മറ്റൊരു കേസില്‍ ഇയാളെ റെവന്യൂ ഇന്റലിജന്‍സ് വകുപ്പ്(DRI) മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് തിഹാര്‍ ജയിലില്‍വെച്ച് പരിചയപ്പെട്ട വാര്‍ഡനെയും അനധികൃത ലാബ് സ്ഥാപിക്കുന്നതില്‍ ഇയാള്‍ കൂട്ടാളിയാക്കിയതായി പോലീസ് പറയുന്നു.
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കെമിസ്റ്റാണ് ലഹിരിപദാര്‍ഥങ്ങളുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്. മെക്‌സിക്കന്‍ കാര്‍ട്ടല്‍ അംഗമാണ് നിര്‍മാണവസ്തുവിന്റെ ഗുണനിലവാരം ടെസ്റ്റ് ചെയ്തതിരുന്നത്.
നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) ഈ വര്‍ഷം ഗുജറാത്തിലെ ഗാന്ധിനഗര്‍ അമ്രേലി, രാജസ്ഥാനിലെ ജോധ്പൂര്‍, സിരോഹി, ഭോപ്പാല്‍ എന്നിവിടങ്ങളിലെ രഹസ്യലാബുകളും സമാനരീതിയില്‍ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്.