ഐഒഎസ് 18.1 ഇപ്പോൾ അപ്‌ഡേറ്റ് ചെയ്യാം ; ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ എത്തി

0

ആപ്പിള്‍ ഉപകരണങ്ങളിലേക്കുള്ള ആപ്പിള്‍ ഇന്റലിജന്‍സ് കമ്പനി പുറത്തിറക്കി. ഇതുവഴി പുതിയ എഐ അധിഷ്ഠിത ഫീച്ചറുകള്‍ ഐഫോണ്‍, ഐപാഡ്, മാക്ക് ഉപകരണങ്ങളിലെത്തും. ആപ്പിള്‍ പുറത്തിറക്കിയ പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ലഭിക്കും. ഇതിനായി ഐഫോണുകളും, ഐപാഡുകളും മാക്കും ഏറ്റവും പുതിയ ഐഒഎസ് 18.1, ഐപാഡ് ഒഎസ് 18.1, മാക്ക് ഒഎസ് സെക്കോയ 15.1 എന്നിവയിലേക്ക് അപ്‌ഡേറ്റ് ചെയ്യുക.

എഐ അധിഷ്ടിതമായ എഴുതാനുള്ള പുതിയ ഫീച്ചറുകള്‍, നോട്ടിഫിക്കേഷനുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള എഐ അധിഷ്ടിത സംവിധാനങ്ങള്‍, എഐ അധിഷ്ടിതായി പ്രവര്‍ത്തിക്കുന്ന സിരി എന്നിവ പുതിയ അപ്‌ഡേറ്റിലൂടെ എത്തും.

പ്രധാനപ്പെട്ട ആപ്പിൾ ഇന്‍റലിജൻസ് ഫീച്ചറുകൾ

ആപ്പിള്‍ ഉപകരണങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഭാഷാ ശുദ്ധിയോടെ എഴുതാനാവും. മെയില്‍, മെസേജസ്, നോട്ട്‌സ് ആപ്പുകളിലും ചില തേഡ് പാര്‍ട്ടി ആപ്പുകളിലും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

നിങ്ങള്‍ എഴുതിയ ഒരു ഇമെയില്‍ സന്ദേശത്തിലോ നോട്ടിലോ ഉള്ള തെറ്റുകള്‍ കണ്ടെത്താനും മാറ്റി എഴുതാനും സംഗ്രഹമാക്കാനുമെല്ലാം ആപ്പിള്‍ ഇന്റലിജന്‍സിന്റെ സഹായം തേടാം.

പരിഷ്‌കരിച്ച സിരിയാണ് ആപ്പിള്‍ ഇന്റലിജന്‍സ് അപ്‌ഡേറ്റിലെ പ്രധാന മാറ്റങ്ങളിലൊന്ന്. ഒരു എഐ ചാറ്റ്‌ബോട്ടിന് സമാനമായ രീതിയിലാവും സിരിയുടെ പ്രവര്‍ത്തനം. ഉപഭോക്താവിന്റെ പഴയ നിര്‍ദേശങ്ങള്‍ ഓര്‍ത്തുവെക്കാനും സംഭാഷണത്തിന്റെ തുടര്‍ച്ച നിലനിര്‍ത്താനും സിരിയ്ക്ക് സാധിക്കും. ആപ്പിള്‍ കാര്‍പ്ലേയില്‍ ഉള്‍പ്പെടെ അനുയോജ്യമായ ഐഫോണുകളിലും ഐപാഡിലും മാക്കിലും പുതിയ സിരി ലഭിക്കും.

ആപ്പിള്‍ ഇന്റിലജന്‍സിന്റെ സഹായത്തോടെ ഫോട്ടോസ് ആപ്പിലെ സെര്‍ച്ച് ഫീച്ചറും പരിഷ്‌കരിച്ചിട്ടുണ്ട്. ഇനി ചിത്രത്തിന്റെ വിവരണം നല്‍കി അവ തിരഞ്ഞു കണ്ടുപിടിക്കാം. ചിത്രങ്ങളിലെ അനാവശ്യ വസ്തുക്കള്‍ എഐയുടെ സഹായത്തോടെ നീക്കം ചെയ്യാനുള്ള സൗകര്യവും മെച്ചപ്പെട്ട മെമ്മറി ഫീച്ചറും പുതിയ അപ്‌ഡേറ്റിലെത്തും.

സുരക്ഷ

സുരക്ഷയുടെ കാര്യത്തില്‍ പ്രതിജ്ഞാബദ്ധരാണെന്ന് ആവര്‍ത്തിച്ചുപറയുന്ന ആപ്പിള്‍ മിക്ക ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളും പ്രൊസസ് ചെയ്യുന്നത് ഉപകരണങ്ങളില്‍ തന്നെയാണെന്ന് വ്യക്തമാക്കുന്നു. സങ്കീര്‍ണമായ ചില ജോലികള്‍ പ്രോസസ് ചെയ്യുന്നതിന് വേണ്ടിയാണ് ആപ്പിള്‍ പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ട് ഉപയോഗിക്കുന്നത്. ഇതിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ പുറത്തുനിന്നുള്ള വിദഗ്ദരെ കമ്പനി അനുവദിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് വന്‍ തുക പാരിതോഷികവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

സിരിയ്ക്കും എഴുത്ത് ഉപകരണങ്ങള്‍ക്കുമായി ചാറ്റ് ജിപിടിയും ഉപകരണങ്ങളില്‍ അനുവദിക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനത്തിവും ആപ്പിള്‍ സ്വകാര്യത വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇനിയും ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ വരാനുണ്ട്

ഡിസംബറില്‍ വരുന്ന മറ്റൊരു അപ്‌ഡേറ്റില്‍ കൂടുതല്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ എത്തും. വിവിധ ഫോര്‍മാറ്റുകളില്‍ സന്ദേശങ്ങള്‍ എഴുതാനുള്ള സൗകര്യം, എഐ ഉപയോഗിച്ച് ഇമോജി നിര്‍മിക്കുന്ന ജെന്‍മോജി ക്രിയേറ്റര്‍ എന്നിവയും വരുന്ന അപ്‌ഡേറ്റിലെത്തും. ഏപ്രിലോടെ ഇന്ത്യന്‍ ഇംഗ്ലീഷ്, ചൈനീസ്, ഫ്രഞ്ച്, ജര്‍മന്‍ ഉള്‍പ്പടെയുള്ള ഭാഷകള്‍ ആപ്പിള്‍ ഇന്റലിജന്‍സ് പിന്തുണയ്ക്കുമെന്നും ആപ്പിള്‍ അറിയിച്ചു.

ആപ്പിള്‍ ഇന്റലിജന്‍സ് ലഭിക്കുന്ന ആപ്പിള്‍ ഉപകരണങ്ങള്‍

  • ഐഫോണ്‍ 15 പ്രോ മാക്സ്
  • ഐഫോണ്‍ 15 പ്രോ
  • ഐപാഡ് പ്രോ
  • ഐപാഡ് എയര്‍
  • മാക്ക്ബുക്ക് എയര്‍
  • മാക്ക്ബുക്ക് പ്രോ
  • ഐമാക്ക്
  • മാക്ക് മിനി
  • മാക്ക് സ്റ്റുഡിയോ
  • മാക്ക് പ്രോ
Spread the love

Leave a Reply

Your email address will not be published. Required fields are marked *