‘കുട്ടികളെ വീട്ടിലെത്തിച്ചത് സർക്കാർ വണ്ടിയിൽ’ ഫിറ്റ്നസ് ഇല്ലാത്ത കോളേജ് ബസ് എം.വി.ഡി. പൊക്കി
മല്ലപ്പള്ളി: തിങ്കളാഴ്ച രാവിലെ കോളേജ് വാനില്‍ പോയ വിദ്യാര്‍ഥികളില്‍ ചിലര്‍ വൈകീട്ട് വീടുകളില്‍ മടങ്ങിയെത്തിയത് മോട്ടോര്‍വാഹന വകുപ്പിന്റെ കാറില്‍. കല്ലൂപ്പാറ എന്‍ജിനിയറിങ് കോളേജിലെ കുട്ടികളാണ് ഇങ്ങനെ സര്‍ക്കാര്‍ വണ്ടിയില്‍ വന്നത്.
ഫിറ്റ്നസ് കാലാവധി കഴിഞ്ഞും വിദ്യാര്‍ഥികളെ കയറ്റി സര്‍വീസ് നടത്തിവന്ന വാന്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയതോടെ ആയിരുന്നു ഇത്. കോളേജിനുവേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയ വാനാണ് പത്തനംതിട്ട എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടിച്ചത്. കോളേജ് സമയത്തിനുശേഷം വിദ്യാര്‍ഥികളെ വീടുകളില്‍ ഇറക്കി വരുമ്പോഴായിരുന്നു പരിശോധന.
വാഹനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി നാലുമാസം മുന്‍പ് അവസാനിച്ചിരുന്നു. വാഹനം കസ്റ്റഡിയിലെടുത്ത എം.വി.ഡി. അതിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ ഡിപ്പാര്‍ട്ട്മെന്റ് വാഹനത്തില്‍ വീടുകളിലെത്തിക്കുകയായിരുന്നു. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ പി.വി. അനീഷ്, എ.എം.വി.ഐ. എം. ഷമീര്‍, എസ്. സാബു എന്നിവര്‍ നേതൃത്വം നല്കി.