അകമ്പടിയായി സ്ഥിരമായി നാല് വാഹനങ്ങൾ, തലസ്ഥാനം വിട്ടാൽ വാഹനങ്ങൾ കൂടും
മുഖ്യമന്ത്രിയുടെ വാഹനം തിരുവനന്തപുരം നഗരത്തില്‍ സഞ്ചരിക്കുമ്പോള്‍ എസ്കോര്‍ട്ടും പൈലറ്റും ഉള്‍പ്പെടെ നാല് സ്ഥിരം വാഹനങ്ങളാണുണ്ടാവുക. എങ്കിലും മിക്ക സമയങ്ങളിലും കൂടുതല്‍ പോലീസ് വാഹനങ്ങള്‍ ഉണ്ടാകാറുമുണ്ട്. നഗരത്തിനു പുറത്തേക്കു സഞ്ചരിക്കുമ്പോള്‍ അഡ്വാന്‍സ് പൈലറ്റ് വാഹനവും ആംബുലന്‍സും ലോക്കല്‍ പോലീസിന്റേതുള്‍പ്പെടെ കൂടുതല്‍ വാഹനങ്ങളുമുണ്ടാകാറുണ്ട്.
വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട വാമനപുരം ഭാഗത്തുവെച്ച് അപകടമുണ്ടാകുമ്പോള്‍ ആംബുലന്‍സും പ്രാദേശിക പൈലറ്റും ഉള്‍പ്പെടെയുള്ള കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടായിരുന്നു. അഞ്ച് വാഹനങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ഇടിക്കുകയും ചെയ്തു. അഡ്വാന്‍സ് പൈലറ്റ് വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിനു കാരണമായതെന്നാണ് കരുതുന്നത്.
പിന്നാലെ വന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ഉള്‍പ്പെടെ അശ്രദ്ധയുണ്ടായോ എന്നതും പരിശോധിക്കും. വാമനപുരത്തെ അപകടം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. അജിതാ ബീഗമാണ് റൂറല്‍ എസ്.പി. കിരണന്‍ നാരായണനോട് ആവശ്യപ്പെട്ടത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാകും തുടര്‍നടപടി.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം അപകടത്തില്‍പ്പെട്ടു. മുഖ്യമന്ത്രിയുടെ വാഹനവും എസ്കോര്‍ട്ട് വാഹനവുമടക്കം അഞ്ചുവാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. സ്കൂട്ടര്‍ യാത്രക്കാരി റോഡിന്റെ വലതുവശത്തേക്ക് തിരിയാന്‍ ശ്രമിച്ചപ്പോള്‍, അവരെ ഇടിക്കാതിരിക്കാന്‍ പൈലറ്റ് വാഹനം ബ്രേക്കിട്ടതാണ് കൂട്ടയിടിക്ക് വഴിവെച്ചത്.
പിഴച്ചത് എവിടെ
1. മുന്നിലുള്ള വാഹനത്തെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ പിന്തുടരുന്ന ‘ടെയില്‍ ഗേറ്റിങ്’ എന്നുവിളിക്കുന്ന അപകടകരമായ ഡ്രൈവിങ്ങാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നടന്നത്. മുന്നിലുള്ള വാഹനം ബ്രേക്കുചെയ്താല് നിര്‍ത്താന്‍ പാകത്തിലുള്ള അകലം പാലിക്കണമെന്നതാണ് വ്യവസ്ഥ.
2. വാഹനവ്യൂഹം പെട്ടെന്ന് വേഗംകൂട്ടുകയും കുറയ്ക്കാറുമില്ല. കൃത്യമായ വേഗം നിശ്ചയിച്ചിരിക്കും. എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇതു പാലിച്ചില്ല.
3, അപകടം ഉണ്ടായസ്ഥലത്ത് ഡിവൈഡറിന് സമാനമായ ഇരട്ട മഞ്ഞവരയുണ്ടായിരുന്നു. ഒരുകാരണവശാലും ഇത് മറികടക്കാന്‍ പാടില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം നീങ്ങിയത് പൂര്‍ണമായും മഞ്ഞവര മറികടന്ന്
വി.ഐ.പി.കള്‍ക്ക് ഇളവുണ്ടോ?
മഞ്ഞവരയും റെഡ്ലൈറ്റും ഉള്‍പ്പെടെയുള്ള ഗതാഗത ക്രമീകരണങ്ങള്‍ വി.ഐ.പി വാഹനവ്യൂഹത്തിന് ബാധകമാണ്. എന്നാല്‍, സുരക്ഷ കണക്കിലെടുത്ത് ഒഴിവാക്കാനുള്ള അധികാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുണ്ട്. വി.ഐ.പി വാഹനങ്ങള്‍ക്ക് സിഗ്നല്‍ ലൈറ്റുകള്‍ ഒഴിവാക്കി വഴിയൊരുക്കുന്നത് സുരക്ഷ പരിഗണിച്ചാണ്.