നീലേശ്വരത്ത് വെടിപ്പുരക്ക് തീപിടിച്ച് വന്‍ അപകടം; 154 പേർക്ക് പരിക്ക്, 97 പേർ ചികിത്സയിൽ
കാസര്‍കോട്: കാസർകോട് നീലേശ്വരത്ത് വെടിപ്പുരക്ക് തീപിടിച്ചു. വീരർകാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്. പരിക്കേറ്റവരെ നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു . 154 പേർക്ക് പരിക്കേറ്റു. 97 പേർ ചികിത്സയിൽ. അപകടത്തിൽ പൊലീസ് കേസെടുത്തു. ക്ഷേത്ര പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരെ കസ്റ്റഡിയിലെടുത്തു.പടക്കം കൈകാര്യം ചെയ്തത് അലക്ഷ്യമായിട്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതിൽ പരിയാരം മെഡിക്കൽ കോളജിലെത്തിച്ച നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഒരാൾക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളേജ്, മിംസ് ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം തേജസ്വനി, താലൂക്ക് ആശുപത്രി, മംഗലാപുരം എന്നിവിടങ്ങളിലാണ് ഇപ്പോൾ പൊള്ളലേറ്റവരെ പ്രവേശിച്ചിരിക്കുന്നത്.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പെടുന്ന സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ അതിൻ്റെ തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ വീഴുകയും ഉഗ്രസ്ഫോടനം ഉണ്ടാകുകയുമായിരുന്നു. ക്ഷേത്രമതിൽക്കെട്ടിന് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിന് സമീപം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ധാരാളം പേർ തെയ്യം കാണാനായി കൂടി നിന്നിരുന്നു. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപം നിന്നിരുന്നവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഉത്തരമലബാറിൽ കളിയാട്ടങ്ങൾക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊണ് അഞ്ഞൂറ്റമ്പലം വീരർക്കാവ്.