ലോക്സഭാ സീറ്റ് വിഭജനവും ;സെൻസസ് നടപടികൾ 2025ൽ ആരംഭിക്കും
ന്യൂഡൽഹി∙ സെൻസസ് നടപടികൾ 2025ഓടെ കേന്ദ്രം തുടങ്ങുമെന്ന് റിപ്പോർട്ട്. 2025 അവസാനത്തോടെ തുടങ്ങി 2026ൽ അവസാനിക്കുന്ന തരത്തിലാണ് സെൻസസ് നടക്കുകയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസാണ് നാലുവർഷം വൈകി ആരംഭിക്കുന്നത്. സെൻസസിനു ശേഷം 2028 ഓടെ ലോക്സഭാ സീറ്റ് വിഭജനം നടക്കുമെന്നും കേന്ദ്രത്തിലെ ഉന്നതവൃത്തങ്ങൾ പറഞ്ഞു. അതേസമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യം ശക്തമാക്കിയതിനിടെയാണ് നീക്കം. ജാതി സെൻസസിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനത്തിലെത്തിയിട്ടില്ല. എന്നാൽ അടുത്തവർഷം നടക്കാനിരിക്കുന്ന സെൻസസിൽ ജനറൽ, എസ്സി,എസ്ടി വിഭാഗങ്ങൾക്കുള്ളിലെ ഉപവിഭാഗങ്ങളെക്കുറിച്ചുള്ള സർവേയും നടന്നേക്കും. 10 വർഷത്തിന്റെ ഇടവേളയിൽ നടക്കേണ്ട സെൻസസ് 2021ലാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് സെൻസസ് നടപടികൾ നീട്ടിവയ്ക്കുകയായിരുന്നു.