യുഎസിലെ ‘ജനകീയ’ വോട്ടുകൾ ആർക്കൊപ്പം? ‘ഒപ്പം നടന്ന്’ കമലയും ട്രംപും; വിധിയെഴുതി 3 കോടിയിലേറെപ്പേർ
യുഎസിൽ ആദ്യ വനിതാ പ്രസിഡന്റോ അതോ ഡോണള്‍ഡ് ട്രംപോ? 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അതേ ചോദ്യം 2024ല്‍ വീണ്ടുമുയരുകയാണ്. അന്ന് ഹിലരി ക്ലിന്റനും ഡോണള്‍ഡ് ട്രംപും തമ്മിലായിരുന്നു മത്സരമെങ്കില്‍ ഇന്ന് ഹിലരിയുടെ സ്ഥാനത്ത് കമല ഹാരിസ്. മറുപക്ഷത്ത് രണ്ടാംവട്ടം യുഎസ് പ്രസിഡന്റ് പദവി തേടുന്ന ട്രംപും. നവംബര്‍ 5ന് നടക്കുന്ന വിധിയെഴുത്തില്‍ ആരു തിരഞ്ഞെടുക്കപ്പെടും? യുഎസ് സ്വീകരിക്കുന്ന നയങ്ങള്‍ ലോകത്തെയാകെ സ്വാധീനിക്കുമെന്നതിനാല്‍ യുഎസിന്റെ 47ാം പ്രസിഡന്റ് ആരെന്ന് ഉറ്റുനോക്കുകയാണു മറ്റു രാഷ്ട്രങ്ങളും.
∙ അഭിപ്രായ സര്‍വേകളില്‍ ഒപ്പത്തിനൊപ്പംജോ ബൈഡന്റെ പിന്മാറ്റത്തിനുശേഷം കമല ഹാരിസ് സ്ഥാനാര്‍ഥിയായതു മുതല്‍ അഭിപ്രായ സര്‍വേകളില്‍ കമല നിലനിര്‍ത്തിപ്പോന്ന മുന്‍തൂക്കം തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കുറഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ന്യൂയോര്‍ക്ക് ടൈംസും സിയെന കോളജും ചേര്‍ന്നു നടത്തിയ അവസാനഘട്ട ദേശീയ സര്‍വേയില്‍ ജനകീയ വോട്ടില്‍ ഡോണള്‍ഡ് ട്രംപും കമലയും ഒപ്പത്തിനൊപ്പമാണ്. ഇരുവരും 48% വോട്ടു നേടുമെന്നാണു പ്രവചനം. നാലു ശതമാനം പേര്‍ ആരെ പിന്തുണയ്ക്കണമെന്നു തീരുമാനിച്ചിട്ടില്ല.
തൊട്ടുമുന്‍പ് ഒക്ടോബര്‍ 22ന് റോയിട്ടേഴ്‌സ് – ഇപ്‌സോസ് പുറത്തുവിട്ട സര്‍വേയില്‍ ട്രംപിനേക്കാള്‍ 3% പേരുടെ പിന്തുണ കമലയ്ക്കുണ്ടായിരുന്നതാണ്. 46% പേര്‍ കമലയെ പിന്തുണച്ചപ്പോള്‍ 43% പേരാണ് ട്രംപിനൊപ്പമുണ്ടായിരുന്നത്. ഇതില്‍നിന്നാണ് ട്രംപ് നില മെച്ചപ്പെടുത്തി കമലയ്‌ക്കൊപ്പമെത്തിയത്.
സര്‍വേകളിലെ കമലയുടെ പിന്നോട്ടുപോക്ക് ഡെമോക്രാറ്റിക് ക്യാംപില്‍ ആശങ്കയായിട്ടുണ്ട്. അതേസമയം, സ്ത്രീ വോട്ടര്‍മാരില്‍ ഭൂരിഭാഗവും കമലയെ പിന്തുണയ്ക്കുന്നുവെന്നു സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. 54% സ്ത്രീകള്‍ കമലയെ പിന്തുണയ്ക്കുമ്പോള്‍ 42% ആണ് ട്രംപിനുള്ള പിന്തുണ. പുരുഷ വോട്ടര്‍മാര്‍ക്കിടയില്‍ 55% പേരുടെ പിന്തുണയുമായി ട്രംപ് തന്നെയാണ് മുന്നില്‍. 41% പുരുഷന്മാരാണ് കമലയെ പിന്തുണയ്ക്കുന്നത്. യുവാക്കള്‍ കമലയെ പിന്തുണയ്ക്കുമ്പോള്‍ മുതിര്‍ന്ന വോട്ടര്‍മാര്‍ ട്രംപിനൊപ്പമാണ്. യുവാക്കള്‍ക്കിടയില്‍ (18 മുതല്‍ 29 വയസുവരെ) കമലയ്ക്കും ട്രംപിനും യഥാക്രമം 55, 43 ശതമാനമാണ് പിന്തുണ. മുതിര്‍ന്നവര്‍ (45 മുതല്‍ 64 വരെ പ്രായം) 51% പേര്‍ ട്രംപിനൊപ്പമാണ്.
∙ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഇവസമ്പദ്‌വ്യവസ്ഥ, ആരോഗ്യക്ഷേമം, സുപ്രീംകോടതി നിയമനങ്ങള്‍, വിദേശനയം, കുറ്റകൃത്യങ്ങള്‍, കുടിയേറ്റം, തോക്ക് നയങ്ങള്‍, ഗര്‍ഭച്ഛിദ്രം, വര്‍ഗ-വംശീയ അസമത്വം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പത്തു പ്രധാന ഘടകങ്ങളെന്ന് പ്രമുഖ ഗവേഷക സംഘടനയായ പ്യൂ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഇതില്‍ സമ്പദ്‌വ്യവസ്ഥ, കുടിയേറ്റം വിഷയങ്ങളിലെ ജനാഭിപ്രായം ട്രംപിന് അനുകൂലമാണ്.
രാജ്യം ശരിയായ രീതിയിലല്ല മുന്നോട്ടു പോകുന്നതെന്ന് അഭിപ്രായപ്പെട്ട 70 ശതമാനത്തിലേറെ ജനങ്ങള്‍ ട്രംപിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു. അതേസമയം, ഗര്‍ഭച്ഛിദ്ര നിയമം, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളില്‍ കമലയെ പിന്തുണയ്ക്കുന്നവരാണു കൂടുതല്‍. പ്രത്യേകിച്ചും സ്ത്രീകള്‍. ന്യൂയോര്‍ക്ക് ടൈംസിന്റെ സര്‍വേയിലും സമ്പദ്‌വ്യവസ്ഥ, ഗര്‍ഭച്ഛിദ്രം, കുടിയേറ്റം, ജനാധിപത്യം എന്നീ വിഷയങ്ങളാണ് ആദ്യ നാലില്‍ ഇടംപിടിച്ചത്.
∙ ഇതുവരെ വോട്ടു ചെയ്തത് മൂന്നുകോടിയിലേറെപ്പേര്‍നവംബര്‍ 5നാണ് നേരിട്ടുള്ള വോട്ടെടുപ്പെങ്കിലും സെപ്റ്റംബര്‍ മുതല്‍ തന്നെ യുഎസില്‍ വോട്ടെടുപ്പ് തുടങ്ങിക്കഴിഞ്ഞു. തപാല്‍ വോട്ടും മുന്‍കൂര്‍ വോട്ടും യുഎസില്‍ സാധാരണയാണ്. ആകെ 50 സംസ്ഥാനങ്ങളുള്ളതില്‍ അലബാമ, മിസിസ്സിപ്പി, ന്യൂ ഹാംഷെയര്‍ എന്നിവയൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും തലസ്ഥാനമായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയും (വാഷിങ്ടൻ) തപാല്‍, മുന്‍കൂര്‍ വോട്ടുകള്‍ ഇത്തവണ അനുവദിച്ചിട്ടുണ്ട്. ഇതുവരെ 3.2 കോടിപ്പേര്‍ വോട്ടു രേഖപ്പെടുത്തി കഴിഞ്ഞുവെന്നാണ് ഫ്‌ളോറിഡ സർവകലാശാലയുടെ ഇലക്ഷന്‍ ലാബ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
∙ തലവര മാറ്റുന്ന സ്വിങ് സ്റ്റേറ്റുകള്‍, വിധിയെഴുതുന്ന ഇലക്ടറല്‍ കോളജ്ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയില്‍നിന്ന് വ്യത്യസ്തമായി ജനകീയ വോട്ടുകള്‍ നേടുന്ന വ്യക്തിയല്ല യുഎസിൽ തിരഞ്ഞെടുപ്പില്‍ വിജയിക്കുക. യുഎസ് ഭരണഘടന പ്രകാരം ജനകീയ വോട്ടിനേക്കാള്‍ പ്രാധാന്യം ഇലക്ടറല്‍ കോളജ് എന്ന സംവിധാനത്തിനാണ്. ജനകീയ വോട്ടെടുപ്പില്‍ ട്രംപിനോ കമല ഹാരിസിനോ അല്ല ജനങ്ങള്‍ വോട്ടു ചെയ്യുന്നത്. പകരം ഓരോ സംസ്ഥാനത്തും അവിടുത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി അനുവദിച്ചിട്ടുള്ള ഇലക്ടര്‍മാര്‍ എന്നറിയപ്പെടുന്ന സ്ഥാനാര്‍ഥിയുടെ പാര്‍ട്ടി പ്രതിനിധിക്കാണ്. ഈ ഇലക്ടര്‍മാരുടെ കൂട്ടായ്മയാണ് ഇലക്ടറല്‍ കോളജ്. യുഎസില്‍ ആകെ 538 ഇലക്ടര്‍മാരുണ്ട്. 270 ഇലക്ടര്‍മാരുടെയെങ്കിലും വോട്ടുനേടുന്ന സ്ഥാനാര്‍ഥിയാണ് പ്രസിഡന്റാകുക.
നെബ്രാസ്‌ക, മെയ്ന്‍ എന്നിവയൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനകീയ വോട്ടുനേടിയ സ്ഥാനാര്‍ഥിക്ക് അവിടത്തെ എല്ലാ ഇലക്ടര്‍മാരുടെ വോട്ടും ലഭിക്കും. എന്നാല്‍ നെബ്രാസ്‌കയിലും മെയ്‌നിലും സ്ഥാനാര്‍ഥിക്ക് കിട്ടിയ വോട്ടിന് ആനുപാതികമായ ഇലക്ടര്‍മാരുടെ വോട്ടേ ലഭിക്കൂ. കൂടാതെ ഇലക്ടര്‍മാര്‍ കൂറുമാറുന്ന ചരിത്രവുമുണ്ട്. ഫലത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവരല്ല. ഇലക്ടറല്‍ കോളജ് തിരഞ്ഞെടുക്കുന്നവര്‍ക്കാണ് വിജയം. ഇക്കാരണം കൊണ്ടാണ് 2016ല്‍ ജനകീയ വോട്ടില്‍ വിജയിച്ചിട്ടും ഹിലരി ക്ലിന്റന്‍ പ്രസിഡന്റാകാതെ പോയത്. നവംബര്‍ 5ലെ ഔദ്യോഗിക വോട്ടെടുപ്പിനുശേഷം ഡിസംബറിലെ രണ്ടാമത്തെ ബുധനാഴ്ച കഴിഞ്ഞുള്ള തിങ്കളാഴ്ചയാണ് ഇലക്ടര്‍മാര്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യുക.
ഒരു പാര്‍ട്ടികളോടും പ്രത്യേക മമത പുലര്‍ത്താത്ത, എങ്ങോട്ടേക്കും മറിയാവുന്ന സ്വിങ് സ്‌റ്റേറ്റുകള്‍ക്കാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വന്‍ പ്രധാന്യം. ഈ സംസ്ഥാനങ്ങളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ സ്ഥാനാര്‍ഥികള്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. അരിസോന, ജോര്‍ജിയ, മിഷിഗന്‍, നെവാഡ, നോര്‍ത്ത് കാരലൈന, പെന്‍സില്‍വാനിയ, വിസ്‌കോന്‍സിന്‍ എന്നിവയാണ് ഇത്തവണത്തെ സ്വിങ് സ്‌റ്റേറ്റുകള്‍. ഇവിടങ്ങളിലെ ഇലക്ടറല്‍ വോട്ടുകള്‍ ആരു നേടുമെന്നത് വിജയിയെ ഉറപ്പിക്കുന്നതില്‍ നിര്‍ണായകമാണ്. അരിസോന (11), ജോര്‍ജിയ (16), മിഷിഗന്‍ (15), നെവാഡ (6), നോര്‍ത്ത് കാരലൈന (16), പെന്‍സില്‍വാനിയ (19), വിസ്‌കോന്‍സിന്‍ (10) എന്നിങ്ങനെയാണ് സ്വിങ് സ്‌റ്റേറ്റുകളിലെ ഇലക്ടറല്‍ വോട്ടുകള്‍. ആകെ 93 സീറ്റ്.
∙ പ്രധാന വാഗ്ദാനങ്ങള്‍ എന്തെല്ലാംബൈഡന്‍ സര്‍ക്കാരിന്റെ ഭരണത്തില്‍ യുഎസ് തകര്‍ന്നടിഞ്ഞെന്നാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പറയുന്നത്. പണപ്പെരുപ്പം അവസാനിപ്പിച്ച് യുഎസിനെ വീണ്ടും ജീവിക്കാന്‍ പറ്റുന്ന വിധത്തിലാക്കുമെന്നതാണ് ട്രംപിന്റെ പ്രധാന വാഗ്ദാനം. എണ്ണ ഖനനം വര്‍ധിപ്പിച്ച് എണ്ണ വില കുറയ്ക്കുമെന്നും പലിശ നിരക്ക് കുറയ്ക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്യുന്നു. കുടിയേറ്റ വിഷയത്തിലെ കടുത്ത നിലപാടുകളാണ് തദ്ദേശവാദികള്‍ക്കായി ട്രംപ് നല്‍കിയിട്ടുള്ള പ്രിയ വാഗ്ദാനം. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുമെന്ന് ട്രംപ് കട്ടായം പറഞ്ഞിട്ടുണ്ട്.
അതേസമയം, ഭക്ഷ്യ വിലയും ഭവനനിര്‍മാണത്തിലെ ചെലവും കുറയ്ക്കുമെന്നതാണ് കമല ഹാരിസിന്റെ പ്രധാന വാഗ്ദാനം. ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം നിയമംമൂലം പുനഃസ്ഥാപിക്കുമെന്നും അവര്‍ പ്രഖ്യാപിക്കുന്നു.