കേസ് സ്വയം വാദിക്കും ; കളമശേരി ഞെട്ടിയ സ്ഫോടനത്തിന് നാളെ ഒരാണ്ട്; ഏകപ്രതി മാർട്ടിൻ ജയിലിൽ

0

കൊച്ചി ∙ കളമശേരിയിലെ സാമ്റ കൺവെൻഷൻ സെന്ററിൽ ‘യഹോവയുടെ സാക്ഷി’കളുടെ പ്രാർഥനയ്ക്കിടയിലുണ്ടായ സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടിട്ട് നാളെ ഒരു വർഷം. കേസിലെ ഏക പ്രതി എറണാകുളം സ്വദേശി ഡൊമിനിക് മാർട്ടിൻ കാക്കനാട് ജില്ലാ ജയിലിലാണ്. കേസിൽ ഇക്കഴിഞ്ഞ ഏപ്രിലിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

കേസ് സ്വയം വാദിക്കുമെന്ന് മാർട്ടിൻ നേരത്തs കോടതിയെ അറിയിച്ചിരുന്നു. മാർട്ടിൻ പുസ്തക വായനയ്ക്കാണ് ജയിലിൽ കൂടുതൽ സമയവും മാറ്റിവയ്ക്കുന്നത്. ആരോടും അധികം സംസാരിക്കാറില്ല. 2023 ഒക്ടോബർ 29നാണ് കേരളത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ‘യഹോവയുടെ സാക്ഷി’കളുടെ പ്രാർഥനായോഗത്തിനിടെ രാവിലെ 9.30ഓടെ ആദ്യ സ്ഫോടനമുണ്ടായി. വൈകാതെ 2 സ്ഫോടനങ്ങൾ കൂടിയുണ്ടായതോടെ കൂടിയിരുന്ന ജനക്കൂട്ടം പുറത്തേക്കോടി. സ്ഫോടനത്തിൽ ആദ്യം 6 പേരും ആശുപത്രിയിൽ 2 പേരും മരിച്ചു. 55ഓളം പേർക്ക് പരുക്കേറ്റു.

‘‘ഒരു വർഷത്തോളം നീണ്ട ചികിത്സയ്ക്കു ശേഷം ആശുപത്രിയിൽനിന്ന് എല്ലാവരും ഡിസ്ചാർജായി. എല്ലാവരും സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നു. സർക്കാരിന്റെ അനുമതി വാങ്ങിയ ശേഷം ഞങ്ങൾ തന്നെയാണ് ചികിത്സാ ചെലവുകളൊക്കെ വഹിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സര്‍ക്കാർ 5 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുത്തു’’– യഹോവയുടെ സാക്ഷികൾ വക്താവ് ടി.എ.ശ്രീകുമാർ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.

സ്ഫോടനത്തിന്റെ ആഘാതത്തിൽനിന്നു പുറത്തു വരുന്നതിനായി പരസ്പര സന്ദർശനങ്ങളും കൗൺസിലിങ്ങുമൊക്കെ ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. ‘‘ഇപ്പോൾ ഏകദിന സമ്മേളനങ്ങളെല്ലാം നടന്നു വരികയാണ്. പ്രാർഥനായോഗങ്ങൾ നടക്കുന്നിടത്ത് സുരക്ഷാ പരിശോധനകൾ വർധിപ്പിച്ചു. പൊലീസും ബോംബ് സ്ക്വാഡും വന്ന് ആദ്യമേ പരിശോധിക്കും. സംസ്ഥാനത്തിന്റെ പല ഭാഗത്തും കൺവെൻഷൻ നടക്കുന്നുണ്ട്. ഇപ്പോൾ നടക്കുന്ന അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ട്. എന്താകും ഫലം എന്നറിയില്ല’’– ശ്രീകുമാർ പറഞ്ഞു.

കുമാരി പുഷ്പൻ (53), ലിയോണ (55), ലിബിന (12), ലിബിനയുടെ മാതാവ് സാലി (45), സഹോദരൻ പ്രവീൺ (24), മോളി ജോയി (61), കെ.എ.ജോൺ (77), ജോണിന്റെ ഭാര്യ ലില്ലി (76) എന്നിവരാണു മരിച്ചത്. യഹോവയുടെ സാക്ഷികൾ സഭയിൽ നേരത്തേ അംഗമായിരുന്ന ഡൊമിനിക് മാർട്ടിൻ പിന്നീട് ഇവരുമായി ചേർച്ചയില്ലാതാവുകയും തുടർന്ന് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു എന്നാണ് സ്ഫോടനത്തിനു പിന്നിലെ കാരണമായി പ്രോസിക്യൂഷൻ പറയുന്നത്. 2023 ജൂലൈ മുതൽ ആസൂത്രണം തുടങ്ങി ഒക്ടോബറിൽ‍ ആക്രമിക്കുകയായിരുന്നു.

ഒക്ടോബർ 27നാണ് സ്ഫോടനം നടത്താൻ ആവശ്യമായ വസ്തുക്കൾ പലയിടത്തു നിന്നായി സംഘടിപ്പിച്ചത്. 28ന് അങ്കമാലി അത്താണിയിലുള്ള വീട്ടിൽവച്ച് ഇത് കൂട്ടിയോജിപ്പിച്ചു. 29ന് രാവിലെ തമ്മനത്തെ വാടക വീട്ടിൽനിന്ന് അത്താണിയിലെത്തി സ്ഫോടക വസ്തു ശേഖരിച്ചു. തുടർന്ന് കളമശേരിയിലെ പ്രാർഥനാസ്ഥലത്തെത്തി മുൻനിരയിൽ സ്ഫോടകവസ്തു സ്ഥാപിക്കുകയായിരുന്നു.

റിമോട്ട് കൺട്രോള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. പ്രതി യുട്യൂബിന്റെയും മറ്റും സഹായത്തോടെയാണ് ഐഇഡി (ഇംപ്രൊവൈസ്ഡ് എക്പ്ലോസീവ് ഡിവൈസ്) നിർമിച്ചത് എന്നാണ് പൊലീസ് പറയുന്നത്. സ്ഫോടനത്തിനു പിന്നാലെ അത്താണിയിലെ വീട്ടിലെത്തിയ ശേഷം കൊരട്ടിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തു. തുടർന്നായിരുന്നു ഫെയ്സ്ബുക് ലൈവിൽ വന്ന് താനാണ് സ്ഫോടനം നടത്തിയത് എന്ന് ഡൊമിനിക് മാർട്ടിൻ അവകാശപ്പെട്ടത്.

യുഎപിഎ, സ്ഫോടക വസ്തുക്കൾ ഉപയോഗിക്കൽ, കൊലപാതകം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും യുഎപിഎ പിന്നീട് ഒഴിവാക്കി. അന്വേഷണത്തിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതിയെന്ന് കണ്ടെത്തിയതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *