സോറി, തിരിച്ചുവരവ് പ്രതീക്ഷിച്ചതിലും വൈകുന്നതിന്: ബിസിസിഐയോടും ആരാധകരോടും ക്ഷമ ചോദിച്ച് ഷമിയുടെ കുറിപ്പ്

0

 

മുംബൈ∙  ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടംപിടിക്കാനാകാതെ പോയത് ചർച്ചയായിരിക്കെ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോടും (ബിസിസിഐ) ഇന്ത്യൻ ക്രിക്കറ്റ് ആരാധകരോടും ക്ഷമ ചോദിച്ച് വെറ്ററൻ പേസ് ബോളർ മുഹമ്മദ് ഷമി രംഗത്ത്. പരുക്കേറ്റ് ഒരു വർഷത്തോളമായി സജീവ ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്ന ഷമി, ഓസ്ട്രേലിയയ്‍ക്കെതിരായ നിർണായക പരമ്പരയ്ക്കു മുന്നോടിയായി ടീമിലേക്ക് തിരിച്ചെത്താനാകാത്ത സാഹചര്യത്തിലാണ് ബിസിസിഐയോടും ആരാധകരോടും ഖേദം പ്രകടിപ്പിച്ചത്.

എത്രയും പെട്ടെന്ന് റെഡ് ബോൾ ക്രിക്കറ്റിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയും ഷമി പങ്കുവച്ചു. 2023ലെ ഏകദിന ലോകകപ്പിനിടെ സംഭവിച്ച പരുക്കിനെ തുടർന്നാണ് ഷമി ഒരു വർഷത്തോളമായി സജീവ ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന ലോകകപ്പ് ഫൈനലിലാണ് ഷമി ഏറ്റവും ഒടുവിൽ കളിച്ചത്. പിന്നീട് പരുക്കുമൂലം പുറത്തായ താരം, ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. അന്നു മുതൽ െബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) പരിശീലനത്തിലാണ് താരം.

കഴിഞ്ഞ ദിവസം അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി ബോർഡർ – ഗാവസ്കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മുഹമ്മദ് ഷമിക്ക് ഇടം ലഭിച്ചിരുന്നില്ല. പരുക്കിന്റെ പിടിയിൽനിന്ന് മുക്തനായിവരുന്ന ഷമിയെ, ടീമിൽ തിരിച്ചെടുക്കാൻ അനാവശ്യ തിടുക്കം കാട്ടേണ്ടതില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിഗണിക്കാതിരുന്നത് എന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയ്‌ക്കൊപ്പം ഷമി തിരിച്ചുവരവ് വൈകിയതിൽ ക്ഷമാപണം രേഖപ്പെടുത്തിയത്.

‘‘പ്രതിദിനം കഠിനാധ്വാനത്തിലൂടെ കായികക്ഷമത പൂർണമായും വീണ്ടെടുക്കാനും പഴയ മികവോടെ ബോൾ ചെയ്യാനുമാണ് ശ്രമം. സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്താനും റെഡ് ബോൾ ക്രിക്കറ്റിനു സുസജ്ജമാകാനുമായുള്ള ശ്രമം ഇനിയും തുടരും. എല്ലാ ക്രിക്കറ്റ് ആരാധകരോടും ബിസിസിഐയോടും ക്ഷമ ചോദിക്കുന്നു. പക്ഷേ, എത്രയും വേഗം ഞാൻ റെഡ് ബോൾ ക്രിക്കറ്റിന് തയാറായി തിരിച്ചെത്തും. എല്ലാവരോടും സ്നേഹം – ഷമി കുറിച്ചു. അതേസമയം, ഷമി നവംബർ ആദ്യത്തെ ആഴ്ച തന്നെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന സൂചനകളും ശക്തമാണ്

. നവംബർ ആറിന് ആരംഭിക്കുന്ന ബംഗാൾ – കർണാടക രഞ്ജി ട്രോഫി മത്സരത്തിൽ ഷമി കളത്തിലിറങ്ങിയേക്കുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനു ശേഷം മധ്യപ്രദേശിനെതിരായ ബംഗാളിന്റെ മത്സരത്തിലും ഷമി കളിക്കുമെന്നാണ് വിവരം. രഞ്ജി ട്രോഫിയിലെ പ്രകടനം തൃപ്തി നൽകുന്നതെങ്കിൽ ഷമിയെ ഓസീസ് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്താൻ സിലക്ടർമാർ തയാറായേക്കുമെന്നും റിപ്പോർട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *