ബെംഗളൂരുവിൽ കിവീസ് പേസർമാർക്ക് 17 വിക്കറ്റ്, പുണെയിൽ സ്പിന്നർമാർക്ക് 19; അമിത ആത്മവിശ്വാസം തിരിച്ചടിച്ചെന്ന് പാക്ക് മുൻ താരം

0

 

മുംബൈ∙  ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത് ഇന്ത്യൻ താരങ്ങളുടെ അമിത ആത്മവിശ്വാസമെന്ന വിമർശനവുമായി പാക്കിസ്ഥാന്റെ മുൻ താരം ബാസിത് അലി. 12 വർഷത്തോളം നീണ്ട സമഗ്രാധിപത്യത്തിനു ശേഷം ആദ്യമായാണ് ഇന്ത്യ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര കൈവിട്ടത്. പുണെയിൽ സ്പിന്നിന് അനുകൂലമായി പിച്ചൊരുക്കിയിട്ടും ന്യൂസീലൻഡ് ഇന്ത്യയെ 113 റൺസിനാണ് തോൽപ്പിച്ചത്. ബെംഗളൂരുവിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലും അവർ ഇന്ത്യയെ തകർത്തിരുന്നു.

‘‘350 റൺസിനു മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുന്നത് കഠിനമായിരിക്കുമെന്ന് ഞാൻ ആദ്യം മുതലേ പറയുന്നത് ശരിയെന്ന് തെളിഞ്ഞു. ആദ്യത്തെ മൂന്നു ബാറ്റർമാരിൽ ഒരാളെങ്കിലും സെഞ്ചറി നേടിയാൽ മാത്രമേ ആ വിജയലക്ഷ്യം കയ്യെത്തിപ്പിടിക്കാൻ എന്തെങ്കിലും സാധ്യതയെങ്കിലും ഉണ്ടായിരുന്നുള്ളൂ. ഈ പരമ്പരയോടെ ഇന്ത്യൻ ബാറ്റിങ്ങിന്റെ ദൗർബല്യങ്ങൾ വെളിപ്പെട്ടിരിക്കുന്നു. ‘‘ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കിവീസ് പേസർമാർ 17 വിക്കറ്റ് വീഴ്ത്തി. രണ്ടാം ടെസ്റ്റ് ആയപ്പോഴേക്കും കിവീസ് സ്പിന്നർമാർ 19 വിക്കറ്റ് വീഴ്ത്തി.

അതായത് ഇന്ത്യൻ ബാറ്റർമാർക്ക് പേസർമാരെയോ സ്പിന്നർമാരെയോ ആത്മവിശ്വാസത്തോടെ കളിക്കാനായില്ല. പേസും ബൗൺസുമുള്ള പിച്ചിലും (ബെംഗളൂരു) സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചിലും ഇന്ത്യ തോറ്റു – ബാസിത് അലി ചൂണ്ടിക്കാട്ടി. ‘‘ബംഗ്ലദേശിനെതിരെ വെറും രണ്ടു ദിവസം കൊണ്ട് ടെസ്റ്റ് ജയിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യയ്‌ക്കുണ്ടായിരുന്നു. ന്യൂസീലൻഡ് ആകട്ടെ, ശ്രീലങ്കയിൽ പോയി രണ്ടു ടെസ്റ്റുകൾ തോറ്റ ശേഷമാണ് ഇവിടേക്കു വന്നത്. അവരെ തോൽപ്പിക്കാമെന്ന ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ടായിരുന്നിരിക്കും. അതായത് ഇന്ത്യൻ താരങ്ങളും ടീം മാനേജ്മെന്റും അമിത ആത്മവിശ്വാസത്തിലായിപ്പോയി.

ന്യൂസീലൻഡ് താരങ്ങളാകട്ടെ, വൃത്തിയായും വെടിപ്പായും ഗൃഹപാഠം ചെയ്താണ് ഇവിടെയെത്തിയത്. അവർക്ക് ഒന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല. ‘‘ഈ പരമ്പരയ്ക്കു മുൻപ്, ന്യൂസീലൻഡ് ഇന്ത്യയെ വീഴ്ത്തുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമായിരുന്നോ? ന്യൂസീലൻഡ് താരങ്ങൾ പോലും ഇന്ത്യയെ തോൽപ്പിക്കാമെന്ന് കരുതിയിട്ടുണ്ടാകില്ല. പക്ഷേ, അവർ കഠിനാധ്വാനം ചെയ്തു, ഇന്ത്യയെ തോൽപ്പിച്ചു. അതാണ് സംഭവിച്ചത് – ബാസിത് അലി പറഞ്ഞു. ‘‘ഇനി ഓസ്ട്രേലിയയിൽ ചെന്നാലും ഈ പ്രശ്നങ്ങളെല്ലാം ഇന്ത്യയെ അലട്ടും.

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ മുഹമ്മദ് ഷമിക്ക് ഇടം കിട്ടാതെ പോയത് എനിക്ക് അദ്ഭുതമായി തോന്നി. എല്ലാ ഭാരവും ബുമ്രയുടെ ചുമലിൽ അടിച്ചേൽപ്പിച്ചതുപോലെയായി. അർഷ്ദീപ് സിങ്ങിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായേനെ. ‘‘ഇപ്പോഴത്തെ സാഹചര്യത്തിൽ ഷമിയില്ലാതെ ഇന്ത്യയുടെ ബോളിങ് ആക്രമണം പൂർണമാകില്ല. ഷമിയില്ലാതെ പോയാൽ ഇന്ത്യ ഓസ്ട്രേലിയയിൽ പല ബുദ്ധിമുട്ടികളും നേരിടേണ്ടിവരും.  ഓസ്ട്രേലിയയിൽ ഒരു ടീമിന്റെ പ്രധാന ആയുധം പേസ് ബോളിങ്ങാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യ ബുദ്ധിമുട്ടും. – ബാസിത് അലി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *