യുഎസ് തിരഞ്ഞെടുപ്പിൽ ഇന്ത്യയ്ക്ക് എന്തു കാര്യം? കമല മാത്രമല്ല ഉത്തരം; സ്വിങ് സ്റ്റേറ്റുകളിലും നിർണായകം
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞടുപ്പിൽ ഇന്ത്യയ്ക്ക് എന്തുകാര്യം എന്നു ചോദ്യത്തിനുള്ള ആദ്യ ഉത്തരം ‘ഡമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്’ എന്നാണ്. യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഒരു ഇന്ത്യൻ വംശജ മത്സരിക്കുന്നത് ഇതാദ്യമാണ്. അമേരിക്കയിൽ ജനിച്ച കമലയുടെ അമ്മ കാൻസർ ബയോളജിസ്റ്റായ ശ്യാമള ഗോപാലനാണ്. ഉന്നത പഠനത്തിനും ജോലിക്കുമായി പത്തൊൻപതാം വയസ്സിലാണ് ശ്യാമള അമേരിക്കയിലേക്ക് കുടിയേറിയത്.
യുഎസിലെ 49–ാമത് വൈസ് പ്രസിഡന്റായ കമല ഹാരിസ് ഈ പദവിയിലെത്തുന്ന ആദ്യ വനിത, ആദ്യ കറുത്ത വർഗക്കാരി, ആദ്യ ദക്ഷിണേഷ്യൻ അമേരിക്കക്കാരി എന്ന വിശേഷണങ്ങൾ സ്വന്തമാക്കി ചരിത്രം കുറിച്ചതാണ്. എന്നാൽ കമല എന്ന പ്രധാനപ്പെട്ട ഘടകത്തെ മാറ്റി നിർത്തിയാൽ പോലും അമേരിക്കൻ രാഷ്ട്രീയ ഭൂമികയിൽ ഇന്ത്യൻ സാന്നിധ്യത്തിന് നിർണായ പങ്കുണ്ടെന്ന് കാണാം. നിലവിൽ യുഎസ് കോൺഗ്രസിൽ അഞ്ച് ഇന്ത്യൻ അമേരിക്കൻ പൗരന്മാർ അംഗങ്ങളാണ്. ഇത് ഇന്ത്യൻ സമൂഹത്തിന് യുഎസിലുള്ള സ്വാധീനത്തിനു തെളിവാണ്.
2024ലെ റിപ്പബ്ലിക്കൻ പ്രൈമറി സ്ഥാനാർഥികളായ നിക്കി ഹേലി, വിവേക് രാമസ്വാമി, ഒഹായോ സെനറ്ററും വൈസ് പ്രസിഡന്റ് നോമിനിയുമായ ജെ.ഡി.വാൻസിന്റെ ഭാര്യ ഉഷ വാൻസ് തുടങ്ങി യുഎസിൽ ഇന്ത്യൻ സാന്നിധ്യം പ്രകടമാണ്. വിധി നിർണയത്തിലും ഇന്ത്യൻ അമേരിക്കൻ പൗരന്മാർക്ക് വലിയ പങ്കുണ്ട്. യുഎസിന്റെ അടുത്ത കാലത്തെ സെൻസസ് സൂചിപ്പിക്കുന്നത് ഏഷ്യൻന അമേരിക്കക്കാരിൽ ഏറ്റവും കൂടുതൽ പേരും ഇന്ത്യൻ വേരുകളുള്ളവരാണെന്നാണ്. യുഎസ് തിരഞ്ഞെടുപ്പിൽ നിർണായകമാകുന്ന സ്വിങ് സ്റ്റേറ്റുകളിൽ ഇന്ത്യൻ അമേരിക്കൻ പൗരന്മാരായിരിക്കും പ്രസിഡന്റ് ഓഫിസിലേക്ക് ആരു പ്രവേശിക്കണമെന്ന് തീരുമാനിക്കുക.
അരിസോന, ജോർജിയ, നെവാഡ, മിഷിഗൻ തുടങ്ങിയ സ്റ്റേറ്റുകളിലെ ഇന്ത്യൻ സമൂഹത്തിന്റെ വ്യാപ്തി പ്രകടവും ശക്തവുമാണ്. ജോർജിയയിലെ സ്റ്റേറ്റ് അസംബ്ലിയിൽ ഇരുപക്ഷങ്ങളിൽ നിന്നുള്ള ഏഴ് ഏഷ്യൻ അമേരിക്കൻ വംശജരാണുള്ളത്. അടുത്തകാലത്ത്, ഏഷ്യൻ പസഫിക് അമേരിക്കൻ പൗരന്മാർക്കിടയിൽ എപി-എൻഒആർസി നടത്തിയ സർവേയിൽ ഇവരിൽ പകുതിയും ഡമോക്രാറ്റിക് ചായ്വുള്ളവരാണെന്ന് കണ്ടെത്തിയിരുന്നു. ബാക്കിയുള്ളവരിൽ പകുതി റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുമ്പോൾ ശേഷിച്ചവർ പ്രത്യേക രാഷ്ട്രീയ ചായ്വുകളില്ലാത്ത സ്വതന്ത്രരാണ്. സർവേ മറ്റൊന്നുകൂടി കണ്ടെത്തി– ഇവരിൽ ബഹുഭൂരിപക്ഷവും ഹാരിസ് അനുകൂലികളാണ്.