‘ആ തെറ്റ് ഇറാൻ ചെയ്യില്ലെന്ന് കരുതുന്നു’: മുന്നറിയിപ്പുമായി യുഎസ്, ഇസ്രയേലിനും നിർദേശം
വാഷിങ്ടൻ∙ ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകുന്നതിനെതിരെ ഇറാന് മുന്നറിയിപ്പ് നൽകി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. മേഖലയിൽ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ഇസ്രയേലിനും നിർദേശം നൽകി. ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടി നൽകുകയെന്ന തെറ്റ് ഇറാൻ ചെയ്യില്ലെന്നാണ് കരുതുന്നതെന്നും ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ഇസ്രയേൽ രാജ്യാന്തര നിയമങ്ങളുടെ ലംഘനം നടത്തിയതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി യുഎന്നിന് അയച്ച കത്തിൽ ആരോപിച്ചു. ഇസ്രയേൽ നീക്കങ്ങളോട് പ്രതികരിക്കാൻ ഇറാന് അവകാശമുണ്ട്.
ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ആക്രമണത്തെ തടഞ്ഞതിനാലാണ് വലിയ നാശനഷ്ടങ്ങൾ ഒഴിവായത്. നാലു സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ പ്രവൃത്തി രാജ്യാന്തര സമാധാനത്തിന് ഭീഷണിയാണ്. വിഷയം ചർച്ച ചെയ്യാൻ യുഎൻ അടിയന്തര യോഗം വിളിക്കണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ഇറാന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റങ്ങളെ ചെറുക്കുമെന്നും, രാജ്യത്തിന്റെ ശത്രുക്കളെ പ്രതിരോധിക്കാൻ ഇറാന് ജനത ഭയരഹിതരായി നിലയുറപ്പിക്കുമെന്നും പ്രസിഡന്റ് മസൂദ് പെസെസ്കിയാൻ പറഞ്ഞു.
ഒക്ടോബർ ഒന്നിലെ മിസൈൽ ആക്രമണങ്ങൾക്കു മറുപടിയായാണ് ടെഹ്റാൻ അടക്കം ഇറാനിലെ 3 പ്രവിശ്യകളിലെ സൈനികത്താവളങ്ങളിൽ ഇന്നലെ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. മൂന്നു ഘട്ടമായി 140 പോർവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തു. ഇറാന്റെ മിസൈൽ നിർമാണ കേന്ദ്രങ്ങളാണു ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു. കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന് നേരെ ഇസ്രയേൽ ആക്രമണം നടത്തിയത് ദേശീയ താല്പര്യങ്ങൾ അടിസ്ഥാനമാക്കിയാണെന്നും യുഎസ് നിർദേശ പ്രകാരമല്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.
ഇസ്രയേൽ ഇറാനുനേരെ നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം യുഎസിനാണെന്ന് ഹിസ്ബുല്ല. ആക്രമണത്തെ അപലപിച്ച ഹിസ്ബുല്ല ഇത് മധ്യപൂർവ മേഖലയിൽ മുഴുവൻ സംഘർഷത്തിന് വഴിവയ്ക്കുമെന്നും പറഞ്ഞു. ഇറാനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തോട് പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേൽ ഇറാന്റെ സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ആക്രമിച്ചതെന്നും ഇതോടുകൂടി ഏറ്റുമുട്ടലുകൾക്ക് അന്ത്യമാകുമെന്നുമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ബൈഡൻ പറഞ്ഞു.
ഇറാനെതിരെയുള്ള ഇസ്രയേൽ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. വർധിച്ചുവരുന്ന സംഘർഷങ്ങൾ മധ്യ പൂർവ മേഖലയിലും അതിനപ്പുറത്തും സമാധാനത്തിനും സ്ഥിരതക്കും കോട്ടമുണ്ടാക്കും. ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ആശങ്കയുളവാക്കുന്നതാണ്. സംയമനം പാലിച്ച് നയതന്ത്ര ചർച്ചകളിലൂടെ സമാധാനത്താനത്തിന്റെ പാതയിലേക്ക് മടങ്ങണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾ ആർക്കും ഗുണം ചെയ്യില്ല.
നിരപരാധികളായ ബന്ദികളും സാധാരണക്കാരും നിരന്തരം കഷ്ടപ്പെടുന്നത് തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സ്വയം പ്രതിരോധത്തിന് ഇറാന് അവകാശമുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലിന്രെ ആക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇറാഖും വ്യോമപാത തുറന്നുകൊടുത്തു. വിമാനങ്ങൾ സർവീസ് തുടങ്ങി. പ്രാദേശിക സമയം രാവിലെ ഒൻപതുമണിയോടെ ഇറാൻ വ്യോമഗതാഗതം പുനരാരംഭിച്ചു.
ലെബനനിൽനിന്നുള്ള രണ്ടു ഡ്രോണുകൾ ഇസ്രയേൽ സൈന്യം വെടിവച്ചുവീഴ്ത്തിയെന്ന് റിപ്പോർട്ട്. ഇലം, ഖുഴെസ്തൻ, ടെഹ്റാൻ പ്രവിശ്യകളിലെ സൈനിക താവളങ്ങൾക്കുനേരെയാണ് ആക്രമണം ഉണ്ടായതെന്ന് ഇറാൻ അറിയിച്ചതായി വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. ചെറിയതോതിലുള്ള നാശനഷ്ടങ്ങളേ ഉണ്ടായുള്ളൂവെന്നുമാണ് ഇറാൻ അറിയിച്ചത്. ഇറാന്റെമേൽ ഇസ്രയേൽ നടത്തിയത് ശത്രുക്കൾ തമ്മിലുള്ള ആക്രമണമെന്ന് യുഎസ്. തിരിച്ചടിക്കെതിരെ യുഎസ് ഇറാന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.