മഹാരാഷ്ട്ര: 164 സിറ്റിങ് എംഎൽഎമാർ ക്രിമിനൽ പശ്ചാത്തലമുള്ളവർ; 252 പേർ കോടിപതികൾ
മുംബൈ ∙ 164 സിറ്റിങ് എംഎൽഎമാർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും അവരിൽ 106 പേർ ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും സ്വതന്ത്ര ഗവേഷണ ഏജൻസികളുടെ പഠനറിപ്പോർട്ട്. ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള ബിജെപിയിൽ തന്നെയാണ് ക്രിമിനലുകളുടെ (62) എണ്ണവും കൂടുതൽ. 2019ൽ 272 സ്ഥാനാർഥികൾ നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ അവലോകനം ചെയ്ത് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), മഹാരാഷ്ട്ര ഇലക്‌ഷൻ വാച്ച് എന്നിവർ ചേർന്ന് പുറത്തുവിട്ട പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.
252 സിറ്റിങ് എംഎൽഎമാർ കോടിപതികളാണ്. 500 കോടിയിലേറെ രൂപ ആസ്തിയുള്ള ഘാഡ്കോപർ ഈസ്റ്റിലെ ബിജെപി എംഎൽഎ പരാഗ് ഷായാണ് എംഎൽഎമാരിലെ അതിസമ്പന്നൻ. 51,000 രൂപ മാത്രം ആസ്തി രേഖപ്പെടുത്തിയ പാൽഘറിലെ സിപിഎം എംഎൽഎ വിനോദ് നികോളെയാണ് കുറഞ്ഞ വരുമാനക്കാരൻ. ഒരാളുടെ ശരാശരി ആസ്തി 24.38 കോടി രൂപയാണ്. 109 പേർ (40%) 5–12 ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളവരാണ്. 51–70 വയസ്സുകാരാണ് പകുതിയോളം (139) വരുന്ന എംഎൽഎമാരും. 25നും 30നും ഇടയിൽ പ്രായമുള്ളവർ 6 പേർ മാത്രം. 31–40 വയസ്സിനിടയിലുള്ളവരാകട്ടെ 34 പേരും.