പടുകൂറ്റൻ പന്തൽ, റാംപ്; റിമോട്ട് കൊണ്ട് പതാക ഉയർത്തൽ, മദ്യപിച്ചെത്തുന്നവർക്ക് വിലക്ക്: ‘മാസ്’ സമ്മേളനത്തിന് വിജയ്‌

0

ചെന്നൈ ∙ നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഇന്നു വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടക്കും. 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്തു കെട്ടിയുയർത്തിയ പടുകൂറ്റൻ സമ്മേളനനഗരിയിലാണു പാർട്ടിയുടെ നയവും പ്രത്യയശാസ്ത്രവുമൊക്കെ വിജയ് ഇന്നു പ്രഖ്യാപിക്കുക. വൈകിട്ട് 4ന് സമ്മേളനം ആരംഭിക്കും. 6നാണ് വിജയ് വേദിയിലെത്തുക. 110 അടി ഉയരത്തിലുള്ള കൊടിമരത്തിൽ, റിമോട്ട് ഉപയോഗിച്ചാണ് പാ‍ർട്ടിപതാക ഉയർത്തുക. തുടർന്ന്, 600 മീറ്ററോളമുള്ള റാംപിലൂടെ നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം വേദിയിലെത്തും. അരലക്ഷം പേർക്ക് ഇരിക്കാനുള്ള കസേരകൾ തയാറാക്കിയിട്ടുണ്ട്. മറ്റുള്ളവർക്കായി കൂറ്റൻ വിഡിയോ വാളുകളുമുണ്ട്.

തമിഴ്നാടിനു പുറമേ കേരളം, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആരാധകരും സമ്മേളനത്തിനെത്തുന്നുണ്ട്. വിക്രവാണ്ടി, വില്ലുപുരം, കൂടേരിപ്പാട്ട് തുടങ്ങിയ സ്ഥലങ്ങളിലെ നാൽപ്പതിലധികം ഹോട്ടലുകളിൽ 20 ദിവസം മുൻപു തന്നെ പലരും മുറികൾ ബുക്ക് ചെയ്തിരുന്നു. ചെന്നൈയിൽ നിന്നുള്ള ചിലർ സൈക്കിളിൽ സമ്മേളനത്തിനെത്തുന്നുണ്ട്.   വിജയ്‌ക്കും മറ്റു വിശിഷ്ടാതിഥികൾക്കുമായി 5 കാരവാനുകളും ഒരുക്കിയിട്ടുണ്ട്. സുരക്ഷയൊരുക്കാൻ അയ്യായിരത്തിലധികം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മദ്യപിച്ചെത്തുന്നവരെ യോഗത്തിലേക്കു പ്രവേശിപ്പിക്കില്ലെന്നു പാർട്ടി നേരത്തേ തന്നെ അറിയിച്ചിരുന്നു. കൂടാതെ, റോഡ് നിയമങ്ങൾ കൃത്യമായി പാലിച്ചുവേണം പ്രവർത്തകർ സമ്മേളനത്തിനെത്താനെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തരുതെന്നും വിജയ് ഓർമിപ്പിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *