മുംബൈ എനിക്ക് തണലും താങ്ങുമായ പോറ്റമ്മ “: പ്രേം കുമാർ മുംബൈ

0

 

” ഇന്ന് ഒക്ടോബർ 27 . ഇരുപത്തിയേഴിനെയും മുംബൈയേയും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല . 1978 ലെ ഒരു ജൂൺ 27 നാണ് ഞാനീ മഹാനഗരത്തിൽ കാലുകുത്തുന്നത് .അന്നുമുതൽ എന്നെ ചേർത്തുപിടിച്ച്‌ ഒരു സ്നേഹവും വാത്സല്യവും ജീവിതവും നൽകിയ പോറ്റമ്മയാണ് എനിക്ക് മുംബൈ .65 വയസ്സായ, എൻ്റെ ആയുസ്സിൻ്റെ നാലര പതിറ്റാണ്ട് ഈ നഗരത്തിലായിരുന്നു .അതായത് കേരളത്തിലെ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ച ഞാൻ, നാട്ടിൽ ജീവിച്ചതിൻ്റെ മൂന്നിരട്ടിക്കാലം മുംബൈയിൽ ജീവിച്ചു .അതിപ്പോഴും തുടരുന്നു . അതുകൊണ്ട് തന്നെയാണ് പ്രേംകുമാർ പയ്യന്നൂർ ആകാതെ പ്രേംകുമാർ മുംബൈ ആയത്.
ഈ നഗരമാണ് എന്നെ പ്രേംകുമാർ മുംബൈ ആക്കിയത് .അത്രമേൽ വൈകാരികമാണ് മുംബൈയോടുള്ള എൻ്റെ ആത്മബന്ധം . ‘
ഒരു കാലത്ത് മലയാളികൾക്ക് ‘ഗേറ്റ് വേ ഓഫ് ഗൾഫ് ‘ ആയിരുന്നു’ ബോംബെ’. പേർഷ്യയിലേക്ക് പോകാനുള്ള ഒരു വാതിൽ . സ്റ്റെനോ ടൈപ്പിസ്റ്റായി ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ആരംഭിച്ചതുമുതൽ പലരും എന്നോട് ചോദിക്കാറുണ്ടായിരുന്നു “നീ എന്താണ് ഗൾഫിൽ പോകാത്തത് “എന്ന് .എനിക്ക് അന്നും ഉയർന്ന ജോലിലഭിച്ചപ്പോഴും മുംബൈയെ ഉപേക്ഷിക്കാൻ തോന്നിയിട്ടില്ല . ഔദ്യോഗികമായ ആവശ്യത്തിനും ഗാനമേളകൾ അവതരിപ്പിക്കാനുമൊക്കെ പല വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട് .അപ്പോഴൊക്കെ എത്രയും പെട്ടെന്ന് മുംബൈയിൽ തിരിച്ചെത്തണം എന്ന ആഗ്രഹമേ ഉണ്ടായിട്ടുള്ളൂ . “എപ്പോഴാ വന്നത് ? എപ്പഴാ പോകുന്നത് ?” എന്ന് കണ്ടയുടനെ ഒറ്റശ്വാസത്തിൽ ചോദിക്കുന്നവരുള്ള എൻ്റെ ജന്മദേശത്ത് എത്തിയാലും, പത്തുദിവസത്തിൽ കൂടുതൽ എനിക്ക് നിൽക്കാൻ ഇതുവരെ തോന്നിയിട്ടില്ല എന്നതാണ് യാഥാർഥ്യം .
ഒരു ടൈപ്പിസ്റ്റായി ജോലി ആരംഭിച്ച ഞാൻ വിരമിക്കുന്നത് മൂവായിരത്തോളം ജീവനക്കാരുള്ള മുംബൈയിലെ ഒരു ജാപ്പനീസ് കമ്പനിയുടെ ജനറൽ മാനേജരായാണ്..അതിനുശേഷവും ഒരു സ്ഥാപനത്തിൻ്റെ നാഷണൽ ഹെഡ് ആയി ജോലി ചെയ്‌തു . മൂന്നുവർഷം മുമ്പ്‌ എൻ്റെ ഔദ്യോഗിക ജീവിതം ഞാൻ എന്നന്നേക്കുമായി അവസാനിപ്പിക്കുന്നത് ഒരു കമ്പനിയുടെ ഡയറക്റ്റർ സ്ഥാനത്തിരിക്കുമ്പോഴാണ് .
ഇതാണ് മുംബൈ. അധ്വാനിക്കാൻ മനസ്സുള്ളവരെ കൈവിടില്ല .രക്ഷപ്പെടാൻ നിരവധി അവസരങ്ങൾ തരും.
തിരക്കേറിയ ഔദ്യോഗിക ജീവിതം ഒരിക്കലും എന്റെ കലാജീവിതത്തിന് തടസ്സമായി നിന്നിട്ടില്ല.സംഗീത സംവിധായകൻ -ഗായകൻ -നാടക സംവിധായകൻ , അഭിനേതാവ് (നാടകം-സിനിമ )എന്നീ നിലകളിലൊക്കെ എന്നെ എത്തിച്ചത് ഈ നഗരവും കലാസ്വാദകരായ ഇവിടെ ജീവിക്കുന്ന മലയാളികളുമാണ്. ഇതിനകം കലാരംഗത്തുള്ള പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്‌ക്കാരങ്ങളും എനിക്ക് ഇവിടെ നിന്ന് നേടാൻ കഴിഞ്ഞു.
ഇപ്പോഴും ഞാൻ മുംബൈയിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് .

വളക്കൂറുളള മണ്ണാണ് ഈ മഹാനഗരത്തിനുള്ളത്‌ .അദ്ധ്വാനിക്കാൻ മനസ്സുള്ളവർ, ഈ മണ്ണിൽ വളരും വളർന്ന് പന്തലിക്കും,അതില്ലാത്തവർ തളർന്നുപോകും …!

നഗരമേ നന്ദി …നന്ദി ..! എന്നെ സ്നേഹിക്കുന്ന എന്നെ അംഗീകരിച്ച എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി !

പ്രേംകുമാർ മുംബൈ

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *