‘ഇടതുസഹയാത്രികനായി പോകാനാകാത്ത സാഹചര്യം; വികസപ്രവർത്തനം അട്ടിമറിക്കാൻ റിയാസ് കൂട്ടുനിന്നു’

0

കോഴിക്കോട്∙ ‍ പി.വി.അൻവറുമായി യോജിച്ച് പ്രവർത്തിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കുമെന്ന് മുൻ എംഎൽഎ കാരാട്ട് റസാഖ്. സിപിഎം തന്നെ തഴഞ്ഞുവെന്നും പരാതികൾക്ക് പരിഹാരം കാണാൻ ശ്രമിച്ചില്ലെന്നും കാരാട്ട് റസാഖ് ആരോപിച്ചു. റസാക്ക് വീണ്ടും അൻവറുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിൽ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്ന് വാർത്തകൾ ഉയർന്നിരുന്നു. പിന്നാലെയാണ് വാർത്താസമ്മേളനത്തിൽ റസാഖ് സിപിഎമ്മിനെതിരെ എതിർപ്പിന്റെ സ്വരം ഉയർത്തിയത്.

മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. ‘‘ഞാൻ തിരഞ്ഞെടുപ്പിൽ തോൽക്കാനുണ്ടായ കാരണങ്ങളും വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനുണ്ടായ നീക്കങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാർട്ടിക്ക് രണ്ടു കത്ത് നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ഗൂഢാലോചന നടന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം മുസ്‌ലിം ലീഗിനൊപ്പം ചേർന്ന് വികസപ്രവർത്തനങ്ങൾ അട്ടിമറിച്ചു. ഇതിന് മന്ത്രി മുഹമ്മദ് റിയാസ് കൂട്ടുനിന്നു.

കൊടുവള്ളി ലോക്കൽ സെക്രട്ടറി, താമരശ്ശേരി ഏരിയ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതികൾ അട്ടിമറിച്ചത്.കത്തുകൾക്കൊന്നും മറുപടി ലഭിച്ചില്ല. ഇനിയും മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ ഇടതുസഹയാത്രികനായി മുന്നോട്ട് പോകാൻ സാധിക്കാത്ത സാഹചര്യമാണ്. വികസനം അട്ടിമറിക്കുന്ന തീരുമാനം പുനപ്പരിശോധിച്ചില്ലെങ്കിൽ മറ്റൊരു തീരുമാനത്തിലേക്ക് തനിക്ക് പോകേണ്ടി വരും. ഒരുപാട് മാസങ്ങളായി കാത്തിരിക്കുന്നു. അൻവർ അടുത്ത സുഹൃത്താണ്. ഇന്നലെ അദ്ദേഹത്തെ പോയി കണ്ടിരുന്നു.

അൻവറുമായി യോജിച്ച് പ്രവർത്തിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കും. അൻവർ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. എന്നാൽ അദ്ദേഹത്തോട് കാത്തിരിക്കാൻ പറഞ്ഞു.ഇപ്പോൾ എൽഡിഎഫിന്റെ ഭാഗമായാണ് നിൽക്കുന്നത്. പിണറായി വിജയൻ, എം.വി.ഗോവിന്ദൻ എന്നിവരോട് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. മുസ്‌ലിം ലീഗിലേക്ക് ഒരിക്കലും തിരിച്ചു പോകില്ല. മുസ്‌ലിം ലീഗിന്റെ നേതാക്കൻമാരിൽ ചിലരുടെ നിലപാടുകളോട് യോജിക്കാൻ സാധിക്കില്ല. മദ്രസാ ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്നും മാറാൻ ആവശ്യപ്പെട്ടില്ല.’’– അദ്ദേഹം പറ‍ഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *