അനധികൃതമായി കുടിയേറി ഇന്ത്യക്കാര്‍; പ്രത്യേക വിമാനത്തില്‍ തിരിച്ചയച്ച് അമേരിക്ക

0

 

വാഷിങ്ടൻ∙  അനധികൃതമായി യുഎസില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പൗരന്‍മാരെ പ്രത്യേക വിമാനത്തില്‍ മടക്കി അയച്ചു. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അനധികൃത കുടിയേറ്റം തടയുന്നതിനുള്ള പഴുതടച്ച നടപടിയുടെ ഭാഗമായാണ് ഒക്ടോബര്‍ 22ന് ഇവരെ ഇന്ത്യയിലേക്കു മടക്കി അയച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. യുഎസിലേക്കുള്ള അതിര്‍ത്തികളില്‍ സുരക്ഷാ പരിശോധനയും ശക്തമാക്കി. പഴുതുകളടച്ചതോടെ യുഎസിന്‍റെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി വഴി അനധികൃതമായി കടക്കുന്നവരുടെ എണ്ണത്തില്‍ 55% കുറവു വന്നിട്ടുണ്ടെന്നും മന്ത്രാലയം വെളിപ്പെടുത്തി.

2024ലെ സാമ്പത്തിക വര്‍ഷം മാത്രം ഇന്ത്യ ഉള്‍പ്പെടെ 145 രാജ്യങ്ങളില്‍നിന്നുള്ള 1,60,000 പേരെയാണു തിരിച്ചയ്ക്കുന്നതിനായി നടപടി സ്വീകരിച്ചതെന്നാണു കണക്കുകള്‍. വിദേശ മന്ത്രാലയങ്ങളുമായി നിരന്തരം ബന്ധപ്പെട്ടാണ് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതെന്നും കള്ളക്കടത്ത് സംഘങ്ങള്‍ വന്‍തോതില്‍ ഇക്കൂട്ടത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളതായും മന്ത്രാലയം പറയുന്നു. കൊളംബിയ, ഇക്വഡോര്‍, ഈജിപ്ത്, പെറു, സെനഗല്‍, ഉസ്ബെക്കിസ്ഥാന്‍, ചൈന ഇന്ത്യ എന്നിവിടങ്ങളില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരെയാണു കഴി‍ഞ്ഞ ചില മാസങ്ങളിലായി കണ്ടെത്തുകയും മന്ത്രാലയം ഇടപെട്ട് തിരിച്ചയയ്ക്കുകയും ചെയ്തത്. 2010 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2024ലാണ് ഏറ്റവുമധികം അനധികൃത കുടിയേറ്റം നടന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *