‘തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ക്കണം, ജീവിക്കാന്‍ അനുവദിക്കില്ല’: വിമതർക്ക് ഭീഷണിയുമായി സുധാകരൻ
കോഴിക്കോട്∙ ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിമതര്‍ക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. വെള്ളിയാഴ്ച ചേവായൂർ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് വിവാദപരാമർശം. ‘തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ക്കണം’ എന്ന് സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ചിലര്‍ കരാറെടുത്താണ് വരുന്നത്. അവര്‍ ഒന്നോര്‍ത്തോളൂ, എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല. ഈ പാര്‍ട്ടിയോട് കൂറില്ലാത്തവരാണ്. കഷ്ടപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി കൊടുക്കാതെ ആ ജോലി ഇടതുപക്ഷക്കാര്‍ക്കും ബിജെപിക്കാര്‍ക്കും കൊടുത്ത് പണം വാങ്ങി അതിന്റെ മധുരം നുകരുന്നവരാണ് അവർ.
അത് അനുവദിക്കില്ല. ചേവായൂർ സഹകരണബാങ്കിനെ മറ്റൊരു കരുവന്നൂർ ബാങ്ക് ആക്കി മാറ്റാൻ സമ്മതിക്കില്ല. അട്ടിമറിയിലൂടെയും ബലപ്രയോഗത്തിലൂടെയും ഇടതുമുന്നണിയെ കൂട്ടുപിടിച്ച് ഭരണം പിടിച്ചെടുക്കാനുള്ള സ്വപ്നം നടക്കില്ല. കോൺഗ്രസ് അധികാരത്തിൽ വരും. പിന്നിൽ നിന്ന് കുത്തിയവരെ വെറുതേ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.ചേവായൂർ ബാങ്ക് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. ബാങ്ക് ചെയർമാൻ ജി.സി.പ്രശാന്തിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് നഗരത്തിലെ അമ്പതിലധികം നേതാക്കൻമാർ പാർട്ടി ഭാരവാഹിത്വം രാജിവച്ചു. ഇതിന് പിന്നാലെയാണ് വിമതർ മത്സരരംഗത്തെത്തിയത്.