പുണെയിൽ 359 റൺസ് വിജയലക്ഷ്യമുയർത്തി കിവീസ്; ഇന്ത്യയ്ക്ക് ടെസ്റ്റ് ജയിക്കണം, പരമ്പരയിൽ പ്രതീക്ഷ നിലനിർത്തണം!
പുണെ∙ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടര ദിവസത്തിലധികം കളി ബാക്കിനിൽക്കെ, 359 റൺസ് വിജയലക്ഷ്യം ഉയർത്തി ന്യൂസീലൻഡ്. 103 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി വീണ്ടും ബാറ്റിങ് ആരംഭിച്ച ന്യൂസീലൻഡ്, രണ്ടാം ഇന്നിങ്സിൽ 69.3 ഓവറിൽ 255 റൺസിന് ഓൾഔട്ടായതോടെയാണ് ഇന്ത്യയ്ക്കു മുന്നിൽ 359 റൺസിന്റെ സാമാന്യം വലിയ വിജയലക്ഷ്യം ഉയർന്നത്. സ്പിന്നർമാരെ അതിരറ്റ് തുണയ്ക്കു പിച്ചിൽ ബാറ്റിങ് അതീവ ദുഷ്കരമായതിനാൽ, നാലാം ഇന്നിങ്സിൽ ഇന്ത്യയുടെ സമീപനം എന്താകുമെന്നത് ശ്രദ്ധാപൂർവം വീക്ഷിക്കപ്പെടും. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ നിലവിൽ പരമ്പരയിൽ 1–0ന് പിന്നിലാണ്.
ഈ മത്സരം കൂടി തോറ്റാൽ ദീർഘകാലത്തിനു ശേഷം സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര നഷ്ടമെന്ന നാണക്കേടാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. കൂറ്റൻ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുക്കുമ്പോൾ ചരിത്രം ഇന്ത്യയ്ക്ക് അത്ര അനുകൂലമല്ല. ഇന്ത്യ ഇതിനു മുൻപ് സ്വന്തം നാട്ടിൽ 25 തവണ 300നു മുകളിലുള്ള വിജയലക്ഷ്യം പിന്തുടർന്നിട്ടുണ്ടെങ്കിലും ജയിച്ചത് ഒറ്റത്തവണ മാത്രമാണ്. 2008ൽ ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ 387 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ പിന്തുടർന്നു ജയിച്ചിട്ടുള്ളത്. ശേഷിക്കുന്ന 14 മത്സരങ്ങൾ തോറ്റപ്പോൾ, ഒരു മത്സരം ടൈയിൽ അവസാനിച്ചു. ഒൻപതു മത്സരങ്ങൾ സമനിലയായി.
രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽത്തന്നെ ന്യൂസീലൻഡിനെതിരെ ഒരു ടീം നാലാം ഇന്നിങ്സിൽ പിന്തുടർന്ന് ജയിച്ചിട്ടുള്ള ഉയർന്ന സ്കോർ 345 റൺസാണ്. 1969ൽ ഓക്‌ലൻഡിൽ വെസ്റ്റിൻഡീസാണ് ഈ നേട്ടം കൈവരിച്ചത്. മൂന്നാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസുമായി ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലൻഡിന്, 56 റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ശേഷിച്ച അഞ്ച് വിക്കറ്റുകളും നഷ്ടമായി. അർധസെഞ്ചറി നേടിയ ഓപ്പണറും ക്യാപ്റ്റനുമായ ടോം ലാതമാണ് കിവീസിന്റെ ടോപ് സ്കോറർ. 133 പന്തുകൾ നേരിട്ട ലാതം 10 ഫോറുകൾ സഹിതം 86 റൺസാണെടുത്തത്. ടോം ബ്ലണ്ടൽ (83 പന്തിൽ 3 ഫോറുകളോടെ 41), മിച്ചൽ സാന്റ്നർ (16 പന്തിൽ 4 ), ടിം സൗത്തി ( 3 പന്തിൽ 0) എന്നിവരാണ് മൂന്നാം ദിനം പുറത്തായ മറ്റു താരങ്ങൾ.
ഗ്ലെൻ ഫിലിപ്സ് 82 പന്തിൽ 4 ഫോറും 2 സിക്സും സഹിതം 48 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർ ഡിവോൺ കോൺവേ (25 പന്തിൽ 17), വിൽ യങ് (28 പന്തിൽ 23), രചിൻ രവീന്ദ്ര (13 പന്തിൽ 9), ഡാരിൽ മിച്ചൽ (23 പന്തിൽ 18), വില്യം റൂർക് (0) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ പുറത്തായ മറ്റ് ന്യൂസീലൻഡ് താരങ്ങൾ. ഇന്ത്യയ്‌ക്കായി വാഷിങ്ടൻ സുന്ദർ 19 ഓവറിൽ 56 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. സുന്ദർ കരിയറിലാദ്യമായി 10 വിക്കറ്റ് നേട്ടവും കൈവരിച്ചു. ഒന്നാം ഇന്നിങ്സിൽ സുന്ദർ ഏഴു വിക്കറ്റ് വീഴ്ത്തിയിരുന്നു. രവീന്ദ്ര ജഡേജ 19.4 ഓവറിൽ 72 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. രവിചന്ദ്രൻ അശ്വിൻ 25 ഓവറിൽ 97 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി.
∙ സാന്റ്നർ ഷോ
കുൽദീപ് യാദവിനു പകരം വാഷിങ്ടൻ സുന്ദറിനെ ഇറക്കി കിവീസിനെ പൂട്ടിയപ്പോൾ മറുവശത്ത് മാറ്റ് ഹെൻറിക്കു പകരം മിച്ചൽ സാന്റ്നറെ ഇറക്കി ഒരു മറുപണി ടീം ഇന്ത്യ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരിക്കില്ല. സ്പിൻ പറുദീസയായ പിച്ചിൽ രണ്ടാം ദിനം മിച്ചൽ സാന്റ്നറുടെ പന്തുകൾ ഇന്ത്യൻ ബാറ്റർമാരെ വട്ടം ചുറ്റിച്ചു. 1ന് 50 എന്ന നിലയിൽ മുന്നേറിയ ഇന്ത്യയ്ക്ക് ശുഭ്മൻ ഗില്ലിന്റെ (30) വിക്കറ്റിലൂടെ സാന്റ്നർ ആദ്യ പ്രഹരം ഏൽപിച്ചു. തൊട്ടുപിന്നാലെ വിരാട് കോലിയെയും (1) മടക്കിയ സാന്റ്നർ ഇന്ത്യയെ ഞെട്ടിച്ചു. സാന്റ്നറുടെ ഫുൾടോസ് സ്ലോഗ് സ്വീപ് ചെയ്യാൻ ശ്രമിച്ച കോലി ക്ലീൻ ബോൾഡാവുകയായിരുന്നു.
വൈകാതെ യശസ്വി ജയ്സ്വാളിനെ (30) ഡാരിൽ മിച്ചലിന്റെ കൈകളിൽ എത്തിച്ച ഗ്ലെൻ ഫിലിപ്സ് ഇന്ത്യയെ കൂടുതൽ പ്രതിരോധത്തിലാക്കി. പിന്നാലെയെത്തിയ ബാറ്റർമാരിൽ രവീന്ദ്ര ജഡേജയ്ക്കൊഴികെ (38) ആർക്കും പിടിച്ചുനിൽക്കാനായില്ല. 19.3 ഓവറിൽ 53 റൺസ് വഴങ്ങിയാണ് സാന്റ്നറുടെ 7 വിക്കറ്റ് നേട്ടം. 103 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ കിവീസിനും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. വാഷിങ്ടൻ സുന്ദർ– ആർ.അശ്വിൻ സ്പിൻ ജോടി ഒരു എൻഡിൽ അപകടം വിതച്ചപ്പോൾ മറുവശത്ത് 86 റൺസുമായി പൊരുതിയ ക്യാപ്റ്റൻ ടോം ലാതത്തിന്റെ ഇന്നിങ്സാണ് കിവീസിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
∙ കിവീസിന്റെ സ്വീപ് തന്ത്രം
രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ സ്പിന്നർമാരെ നേരിടാൻ സ്വീപ് ഷോട്ടുകളും റിവേഴ്സ് സ്വീപ്പുമാണ് കിവീസ് ബാറ്റർമാർ പ്രയോഗിച്ചത്. 60 റൺസാണ് സ്വീപ്, റിവേഴ്സ് സ്വീപ് വഴി രണ്ടാം ഇന്നിങ്സിൽ കിവീസ് ബാറ്റർമാർ നേടിയത്. ഇതുവഴി ഫ്രണ്ട് ഫൂട്ട് പ്രതിരോധം പരമാവധി ഒഴിവാക്കി എൽബിഡബ്ല്യു ആകാനുള്ള സാധ്യത മറികടക്കാൻ അവർക്കു സാധിച്ചു. മറുവശത്ത് സ്ലോഗ് സ്വീപ്പിലൂടെയും ലോഫ്റ്റഡ‍് ഷോട്ടുകളിലൂടെയും റൺ കണ്ടെത്താൻ ശ്രമിച്ചാണ് ഇന്ത്യൻ ബാറ്റർമാർ പുറത്തായത്.