ഡിആർഎസ് ഇല്ലെങ്കിലും ഇന്ത്യ പ്രതിഷേധിച്ചപ്പോൾ തീരുമാനം മാറ്റി അംപയർ; പ്രതിഷേധിച്ച് അഫ്ഗാൻ, തർക്കം

0

 

മസ്കത്ത്∙ എമർജിങ് ഏഷ്യാ കപ്പിൽ ഇന്ത്യ–അഫ്ഗാനിസ്ഥാൻ രണ്ടാം സെമിഫൈനലിന്റെ നിറം കെടുത്തി വിവാദം. മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ മികച്ച രീതിയിൽ ബാറ്റു ചെയ്യുന്നതിനിടെയാണ് വിവാദം എത്തിയത്. മത്സരത്തിൽ ഇന്ത്യയ്‌ക്ക് ലഭിച്ച ആദ്യ വിക്കറ്റ് അംപയർമാരുടെ സമ്മാനമാണെന്ന വാദമാണ് വിവാദത്തിൽ കലാശിച്ചത്. 15–ാം ഓവറിന്റെ ആദ്യ പന്തിൽ ആക്വിബ് ഖാനാണ് അഫ്ഗാൻ ഓപ്പണർ സുബൈദ് അക്ബാരിയെ പുറത്താക്കിയത്. ആദ്യം ഔട്ട് നിഷേധിച്ച ഫീൽഡ് അംപയർ, ഡിആർഎസ് ഇല്ലാതിരുന്നിട്ടുകൂടി ഇന്ത്യ പ്രതിഷേധിച്ചതോടെ തീരുമാനം തേഡ് അംപയറിനു വിടുകയായിരുന്നു.

ഡിആർഎസ് ഇല്ലാത്ത മത്സരത്തിൽ ഇത് എങ്ങനെ സാധ്യമാകുമെന്നായിരുന്നു അഫ്ഗാന്റെ ചോദ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാനായി ഓപ്പണർമാരായ സിദ്ദിഖുള്ള അടൽ, സുബൈദ് അക്ബാരി എന്നിവർ ചേർന്ന് സെഞ്ചറി കൂട്ടുകെട്ട് തീർത്തിരുന്നു. 14 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 137 റൺസ് എന്ന നിലയിലായിരുന്നു അഫ്ഗാൻ. അടൽ 46 പന്തിൽ 70 റൺസോടെയും അക്ബാരി 40 പന്തിൽ 64 റൺസോടെയും ക്രീസിൽ.  ഇന്ത്യയ്ക്കായി 15–ാം ഓവർ എറിയാനെത്തിയത് ആക്വിബ് ഖാൻ.

ഈ ഓവറിലെ ആദ്യ പന്തിൽ സുബൈദ് അക്ബാരിയെ വിക്കറ്റ് കീപ്പർ പ്രഭ്സിമ്രാൻ സിങ് തകർപ്പൻ ഒറ്റക്കയ്യൻ ക്യാച്ചിലൂടെ പുറത്താക്കി. പന്ത് ബാറ്റിൽക്കൊണ്ടിട്ടില്ലെന്ന് വ്യക്തമാക്കി ഫീൽഡ് അംപയർ ഔട്ട് നിഷേധിച്ചു. മത്സരത്തിൽ ഡിആർഎസ് ലഭ്യമായിരുന്നില്ലെങ്കിലും, ഏതു വിധേനയും ഒരു വിക്കറ്റിനായി മോഹിച്ച ഇന്ത്യൻ താരങ്ങൾ ക്യാപ്റ്റൻ തിലക് വർമയുടെ നേതൃത്വത്തിൽ പ്രതിഷേധമുയർത്തി.ഡിആർഎസ് ഇല്ലാത്ത സാഹചര്യത്തിൽ അംപയർ തീരുമാനത്തിൽ ഉറച്ചു നിൽക്കേണ്ടതാണെങ്കിലും, ഇന്ത്യ ശക്തമായി പ്രതിഷേധിച്ചതോടെ അവർ കൂടിയാലോചിച്ച് തീരുമാനം മൂന്നാം അംപയറിനു വിടുകയായിരുന്നു.

ഇതാണ് അഫ്ഗാന്റെ അപ്രീതിക്കു കാരണമായത്. മൂന്നാം അംപയറിന്റെ പരിശോധനയിൽ പന്ത് ബാറ്റിൽത്തട്ടിയുണ്ടെന്ന അനുമാനത്തിൽ ഔട്ട് അനുവദിക്കുകയും ചെയ്തു. ഇതോടെ അഫ്ഗാൻ താരങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. ഡിആർഎസ് ലഭ്യമല്ലാത്ത മത്സരത്തിൽ എന്ത് അടിസ്ഥാനത്തിലാണ് നോട്ടൗട്ട് വിധിച്ച തീരുമാനം മൂന്നാം അംപയറിനു വിടുന്നതെന്നായിരുന്നു അഫ്ഗാൻ താരങ്ങളുടെ വാദം. മൂന്നാം അംപയർ ഔട്ട് അനുവദിച്ചതിനെതിരെ അഫ്ഗാൻ ക്യാംപിലും പ്രതിഷേധം അലയടിച്ചു.

ഇതിനിടെ അഫ്ഗാൻ പരിശീലകൻ അക്ബാരിയോട് ക്രീസിൽത്തന്നെ തുടരാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇരു ടീമുകളും തമ്മിലുള്ള തർക്കമായി സംഭവം വളർന്നതോടെ, അംപയർമാർ ഇടപെട്ടു. ഡഗ്ഔട്ടിലെത്തി അംപയർമാർ ഇരു കൂട്ടരേയും ശാന്തരാക്കാൻ ശ്രമിച്ചു. ഒടുവിൽ മൂന്നാം അംപയറുടെ തീരുമാനം അംഗീകരിച്ച് അക്ബാരി ഡ്രസിങ് റൂമിലേക്കു മടങ്ങുകയും ചെയ്തു. എന്തായാലും ഇതോടെ മത്സരത്തിന്റെ പോരാട്ടച്ചൂട് ഉയർന്നു. 206 റൺസെടുത്ത അഫ്ഗാനെതിരെ 186 റൺസിന് പുറത്തായ ഇന്ത്യ, 20 റൺസ് തോൽവിയോടെ ഫൈനൽ കാണാതെ പുറത്താവുകയും െചയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *