വളര്‍ത്തുനായയെ മരത്തില്‍ കെട്ടി തൂക്കികൊന്നവർക്കെതിരെ കേസ്
പൂനെ : വളര്‍ത്തുനായയെ മരത്തില്‍ തൂക്കി കൊന്നതിന് അമ്മയ്ക്കും മകനുമെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ മുല്‍ഷി തഹ്സിലിലെ പിരാംഗുട്ടിലാണ് സംഭവം. പ്രഭാവതി ജഗ്താപിനും അവരുടെ മകന്‍ ഓംകാര്‍ ജഗ്താപിനുമെതിരെയാണ് നായയോട് ചെയ്ത ക്രൂരതയുടെ പേരില്‍ കേസെടുത്തത്.
പ്രഭാവതി ഒക്ടോബര്‍ 22 ന് വളര്‍ത്തുനായെ വടികൊണ്ട് അടിച്ച് കൊല്ലുകയും തുടര്‍ന്ന് മകന്‍ ഓംകാര്‍ മരത്തില്‍ കെട്ടിത്തൂക്കുകയുമായിരുന്നു. ഭാരതീയ ന്യായ സംഹിത, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ശിവസേന നേതാവ് ആദിത്യ താക്കെറയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.
വിഷയത്തില്‍ നായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍ ഹോമായ മിഷന്‍ പോസിബിള്‍ ഫൗണ്ടേഷന്‍ നടത്തുന്ന സന്നദ്ധപ്രവര്‍ത്തകയായ പദ്മിനി സ്റ്റംപാണ് അമ്മയ്ക്കും മകനുമെതിരേ പുണെ റൂറല്‍ പോലീസില്‍ പരാതിപ്പെട്ടത്. മരത്തില്‍ തൂങ്ങിക്കിടക്കുന്ന നായയുടെ ചിത്രം പ്രചരിച്ചിരുന്നു.
നായയ്ക്ക് പേവിഷ ബാധയുണ്ടെന്ന സംശയത്താലാണ് ഇവര്‍ നായയെ ഇപ്രകാരം ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞു. നായയെ കൊല്ലും മുന്‍പ് അതിനെ ഏറ്റെടുക്കാന്‍ ഒരു മൃഗസ്നേഹിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നായയെ കെട്ടിക്കൂക്കിയ ചിത്രമാണ് കുടുംബം അയച്ചുകൊടുത്തത്. അങ്ങനെയാണ് പദ്മിനി പരാതിപ്പെടുന്നത്