ഉല്ലാസ് നഗറിലെ കൊലപാതകം : കൃത്യം നടത്തിയ 23 കാരനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി
മുംബൈ : താനെ ജില്ലയിലെ ഉല്ലാസ്‌നഗറിൽ ഒരു തർക്കത്തിൻ്റെ പേരിൽ ഒരാളെ കുത്തിക്കൊന്ന 23 കാരനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു .
വ്യാഴാഴ്ച രാത്രി വൈകി ഉല്ലാസ് നഗർ ടൗണിലാണ് ആക്രമണം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഗുരവ് കിരൺ ഉദാൻഷിവെ എന്ന 23 കാരനെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടിയതായി താനെ പോലീസ് പിആർഒ സൈലേഷ് സാൽവി പറഞ്ഞു.
കുത്തേറ്റ് ചോരവാർന്ന് റോഡിൽ കിടന്ന ഭരത് ശയംലാൽ ദുസേജ(35)യെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി അതുവഴിപോയ പല വാഹനങ്ങളേയും കൂട്ടുകാർ സമീപിച്ചെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ല എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഒടുവിൽ ബൈക്കിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും നെഞ്ചിലും ഒന്നിലധികം കുത്തുകൾ ഏറ്റ ദുസേജ ആശുപത്രിയിൽ എത്തുന്നതിനു മുന്നേ മരണപെട്ടിരുന്നു എന്ന് ഡോക്ട്ടർ അറിയിച്ചതായി പോലീസ് പറഞ്ഞു.
ഉല്ലാസ് നഗറിലെ ഇന്ദിരാ നഗർ നിവാസിയായ പ്രതി, ഭാര്യയോടൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ,കൊലപാതകം നടന്ന് അഞ്ച് മണിക്കൂറിനുള്ളിൽ, ഇന്ന് പുലർച്ചെ കല്യാൺ റെയിൽവേ സ്റ്റേഷനിൽ നിന്നും പോലീസ് പിടികൂടുന്നത് . അന്വേഷണം തുടരുകയാണെന്ന് ഉല്ലാസ് നഗർ പോലീസ് അറിയിച്ചു.