നവീൻ ബാബുവിന്റെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം; മേൽനോട്ടം കണ്ണൂർ റേഞ്ച് ഡിഐജിക്ക്
തിരുവനന്തപുരം∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ. ആറംഗ സംഘത്തെ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ നയിക്കും. കണ്ണൂർ റേഞ്ച് ഡിഐജി മേൽനോട്ട ചുമതല വഹിക്കും. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാനാണ് നിർദേശം. കണ്ണൂർ എസിപി രത്നകുമാർ, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ശ്രീജിത്ത് എന്നിവർ സംഘത്തിലുണ്ട്.അന്വേഷണ പുരോഗതി വിലയിരുത്തി എല്ലാ ആഴ്ചയും കണ്ണൂർ റെയ്ഞ്ച് ഡിഐജിക്ക് നേരിട്ട് റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിട്ടുള്ളത്.
ഇദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കും. എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങൾ അന്വേഷിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 29ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. അതേസമയം, റവന്യു വകുപ്പിന്റെ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കിയ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ. ഗീത വ്യാഴാഴ്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു.