പൊലീസുകാർക്കെതിരായ ബലാൽസംഗ പരാതി: എഫ്ഐആർ റജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

0

 

കൊച്ചി∙  മലപ്പുറം എസ്പി ആയിരുന്ന സുജിത്ദാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ബലാൽസംഗം ചെയ്തെന്ന പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് തടഞ്ഞ് ഹൈക്കോടതി. പൊന്നാനി സിഐയും കേസിലെ ആരോപണവിധേയനുമായ വിനോദ് വലിയാറ്റൂർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ഇടക്കാല ഉത്തരവ്. ഹര്‍ജി നവംബർ ഒന്നിന് വീണ്ടും പരിഗണിക്കും.പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടും കേസെടുത്ത് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചത്.

തുടര്‍ന്ന് കോടതി സർക്കാരിന്റെ വിശദീകരണം ആരാഞ്ഞു. എന്നാൽ വീട്ടമ്മയുടെ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയെന്നും മൊഴിയിൽ നിറയെ പൊരുത്തക്കേടുകളാണെന്നുമാണു സർക്കാർ സമർപ്പിച്ച റിപ്പോർട്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷിക്കാനുള്ളതൊന്നും കണ്ടെത്തിയില്ല എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പൊലീസിന്റെ ഈ റിപ്പോർട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിരുന്നു എന്നും അതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം വേണ്ടെന്നു വച്ചതെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്.

എന്നാൽ സർക്കാർ വാദം തള്ളിയ സിംഗിൾ ബെഞ്ച് പരാതി പരിശോധിക്കാനും ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കേസെടുക്കാനും പൊന്നാനി മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദേശം നൽകുകയായിരുന്നു.നേരത്തെ പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തൃശൂർ റേഞ്ച് ഡിഐജിക്ക് പൊന്നാനി മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ നിർദേശിച്ചത്.

ഇതിനെതിരെ വിനോദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകാനെത്തിയ തന്നെ അന്ന് പൊന്നാനി സിഐ ആയിരുന്ന വിനോദ് ബലാൽസംഗം ചെയ്തു എന്ന് പരാതിയിൽ പറയുന്നു. ഇക്കാര്യത്തിലുള്ള പരാതിയുമായി തിരൂർ ഡിവൈഎസ്പിയായിരുന്ന വി.വി.ബെന്നിയെ സമീപിച്ചപ്പോഴും ലൈംഗികമായി പീഡിപ്പിച്ചു. ഇക്കാര്യങ്ങളിൽ പരാതിപ്പെടാൻ എത്തിയപ്പോഴാണ് എസ്പിയായിരുന്ന സുജിത്‌ ദാസ് ബലാൽസംഗം ചെയ്തതെന്നും അതിജീവിത പരാതിയിൽ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *