കവരപ്പേട്ട ട്രെയിൻ അപകടം: കൂട്ടിയിടിക്ക് മുൻപ് ട്രെയിൻ പാളം തെറ്റിയെന്ന് കണ്ടെത്തൽ
ചെന്നൈ ∙ തിരുവള്ളൂർ കവരപ്പേട്ടയിൽ മൈസൂരു-ദർഭംഗ ബാഗ്‍മതി എക്സ്പ്രസ് ചരക്കു ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചു കയറും മുൻപു തന്നെ പാളം തെറ്റിയതായി റെയിൽവേയുടെ അന്വേഷണത്തിൽ കണ്ടെത്തി.എൻജിൻ ലൂപ് ലൈനിലേക്കു കയറിയ ഉടൻ തന്നെ കോച്ചുകൾ പാളംതെറ്റി. ഇതോടെ ട്രെയിനിന്റെ വേഗം കുറഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. കൂട്ടിയിടിക്കുമ്പോൾ മണിക്കൂറിൽ 39 കിലോമീറ്റർ മാത്രമായിരുന്നു ട്രെയിനിന്റെ വേഗം. ട്രാക്കിലെ ചില ബോൾട്ടുകൾ കാണാതായതാണു ട്രെയിൻ പാളം തെറ്റാൻ കാരണം. റെയിൽവേ പാളങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് ആഴത്തിൽ അറിവുള്ളയാളുടെ സാന്നിധ്യം അപകടത്തിനു പിന്നിലുണ്ടെന്നും അധികൃതർ ആവർത്തിച്ചു.
പാളത്തിലെ മെയിൻ ലൈൻ – ലൂപ് ലൈൻ ജംക്‌ഷൻ ബോൾട്ടും നട്ടും അഴിച്ചതാണ് അപകടകാരണമെന്നു കണ്ടെത്തിയതിനെ തുടർന്നു ഗൂഢാലോചന വകുപ്പും കേസിൽ ഉൾപ്പെടുത്തിയിരുന്നു. കൃത്യമായി പരിശീലനം ലഭിക്കാത്തവർക്ക് ഇത്തരത്തിൽ ബോൾട്ടുകൾ അഴിക്കാനാകില്ലെന്നതിനാൽ സാങ്കേതിക കാര്യങ്ങൾ അറിയാവുന്ന റെയിൽവേ ജീവനക്കാരോ മുൻ ജീവനക്കാരോ ഈ മേഖലയിൽ പരിശീലനം ലഭിച്ചവരോ ആയിരിക്കാം ഇത് ചെയ്തതെന്നാണു സംശയിക്കുന്നത്. 11നു രാത്രിയാണു ബാഗ്‍മതി എക്സ്പ്രസ് നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിന്റെ പിന്നിൽ ഇടിച്ചുകയറിയത്. അപകടത്തിൽ 19 പേർക്കു പരുക്കേറ്റിരുന്നു. റെയിൽവേ പൊലീസിന്റെ ഡിഎസ്പി റാങ്കിലുള്ള 3 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്.