യുഎസിൽ ഭക്ഷ്യവിഷബാധ: മക്‌ഡൊണാൾഡ്‌സിൽനിന്ന് ഭക്ഷണം കഴിച്ച ഒരാൾ മരിച്ചു, നിരവധി പേർ ചികിത്സയിൽ

0

വാഷിങ്ടൻ ∙  ആഗോള ഫാസ്റ്റ്‌ഫൂഡ് ശൃംഖലയായ മക്‌ഡൊണാൾഡ്‌സിന് എതിരെ യുഎസിൽ ഭക്ഷ്യവിഷബാധ ആരോപണം. മക്‌ഡൊണാൾഡ്‌സിന്റെ ക്വാർട്ടർ പൗണ്ടർ ഹാംബർഗറിൽനിന്നു കടുത്ത ഇ–കോളി ബാധയേറ്റ് ഒരാൾ മരിച്ചെന്നും ഡസൻ കണക്കിന് ആളുകൾക്ക് അസുഖം ബാധിച്ചെന്നും യുഎസ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറഞ്ഞു.സെപ്റ്റംബർ അവസാനം ആരംഭിച്ച രോഗബാധ 10 പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തു. 49 കേസുകളിൽ ഭൂരിഭാഗവും കൊളറാഡോയിലും നെബ്രാസ്കയിലുമാണ്. 10 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ ഒരു കുട്ടിക്കു വൃക്കകളെ ഗുരുതരമായ ബാധിക്കുന്ന ഹീമോലിറ്റിക് യൂറിമിക് സിൻഡ്രോം ഉണ്ട്. പ്രായമായ ഒരാളാണു കൊളറാഡോയിൽ മരിച്ചതെന്നും സിഡിസി അറിയിച്ചു.അസുഖം ബാധിച്ച എല്ലാ ആളുകളിലും ഒരേ ഇ–കോളിയാണു കണ്ടെത്തിയത്. ഇവരെല്ലാം മക്‌ഡൊണാൾഡ്സിൽനിന്നു ഭക്ഷണം കഴിച്ചതായും ‌റിപ്പോർട്ട് ചെയ്തു. രോഗത്തിനു കാരണമായ കൃത്യമായ ചേരുവ ഏതെന്നു കണ്ടെത്തിയിട്ടില്ല. ഉള്ളിയും ബീഫ് പാറ്റികളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവ രണ്ടും രോഗബാധിത സംസ്ഥാനങ്ങളിലെ റസ്റ്ററന്റുകളിൽനിന്ന് ഒഴിവാക്കി. സിഡിസിയുടെ പ്രസ്താവനയ്ക്കു പിന്നാലെ മക്‌ഡൊണാൾഡ്‌സിന്റെ ഓഹരികൾ 6 ശതമാനത്തിലേറെ ഇടിഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *