വിമാനങ്ങൾക്കുനേരെ വ്യാജ ബോംബ് ഭീഷണി: ‘എക്സി’നെ സമീപിച്ച് നെടുമ്പാശേരി പൊലീസ്

കൊച്ചി∙ വിമാന സര്‍വീസുകൾക്കു നേരെ വ്യാജബോംബ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ സമൂഹമാധ്യമമായ ‘എക്സി’നെ സമീപിച്ച് നെടുമ്പാശേരി പൊലീസ്. കഴിഞ്ഞ ഒരാഴ്ചയായി നൂറോളം വിമാനങ്ങൾക്കു വിവിധ വിമാനത്താവളങ്ങളിലായി ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലും സമാനമായ ഭീഷണി സന്ദേശം എത്തിയിരുന്നു. വിമാനക്കമ്പനികളുടെ എക്സ് അക്കൗണ്ടുകളിലേക്കാണു ഭീഷണി സന്ദേശം എത്തിയിട്ടുള്ളത്.
ഈ സാഹചര്യത്തിലാണു ഭീഷണി സന്ദേശം അയച്ച അക്കൗണ്ടുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടി പൊലീസ് എക്സിനെ സമീപിച്ചിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളിലെ പൊലീസുമായും സഹകരിച്ചാണ് അന്വേഷണം.നേരത്തെ അലയൻസ് എയറിന് “adamlanza111” എന്ന അക്കൗണ്ടിൽനിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. കൊച്ചി – ബെംഗളുരു വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ട് എന്നായിരുന്നു ഭീഷണി. എന്നാൽ പരിശോധനയിൽ ഇതു വ്യാജമാണെന്നു മനസിലായി. ആകാശ എയറിനു ഭീഷണി സന്ദേശം വന്നത് “schizophrenia111”എന്ന അക്കൗണ്ടിൽനിന്നാണ്. കമ്പനിയുടെ ആറു വിമാനങ്ങളിൽ 12 പേർ ബോംബുമായി കയറിയിട്ടുണ്ട് എന്നായിരുന്നു ഭീഷണി.
ഇതിനു പിന്നാലെ ഇന്നലെയും രണ്ട് ഭീഷണി സന്ദേശങ്ങൾ കൊച്ചിയിലെത്തിയിരുന്നു. എയർ ഇന്ത്യയുടെ കൊച്ചി – ലണ്ടൻ, ഇൻഡിഗോയുടെ കൊച്ചി – ബെംഗളൂരു – ലക്നൗ വിമാനങ്ങൾക്കായിരുന്നു ഭീഷണി. എന്നാൽ ഇരു വിമാനങ്ങളും പുറപ്പെട്ടു മണിക്കൂറുകൾ കഴിഞ്ഞായിരുന്നു ഭീഷണി സന്ദേശം എത്തിയത്. ഈ ഭീഷണി സന്ദേശങ്ങളെല്ലാം ഒരാൾ തന്നെയാണ് അയയ്ക്കുന്നത് എന്ന സംശയവും പൊലീസിനുണ്ട്. സന്ദേശം അയയ്ക്കുന്നവർ ഐപി വിലാസം അടക്കം മറയ്ക്കുന്നതിന് വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്ക്) ഉപയോഗിക്കുന്നതും പൊലീസിന് വെല്ലുവിളിയാണ്.