പരിശീലനമില്ലാതെ ബോൾട്ട് അതിവേഗം അഴിക്കാനാകില്ല; സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ 4 പേരെ വീണ്ടും ചോദ്യംചെയ്യും

0

 

ചെന്നൈ ∙  തിരുവള്ളൂർ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടത്തിൽ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ 4 പേരെ വീണ്ടും ചോദ്യംചെയ്യും. സ്റ്റേഷൻ മാസ്റ്റർ, സ്റ്റേഷൻ സൂപ്രണ്ട്, ഗേറ്റ് കീപ്പർ, കൊടി വീശാൻ ചുമതലയുണ്ടായിരുന്നയാൾ എന്നിവരോടു ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് സമൻസ് നൽകി. കവരപ്പേട്ട അപകടം അട്ടിമറിയാണെന്ന് ഉറപ്പിച്ചതോടെയാണു റെയിൽവേയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നത്.മുൻ ജീവനക്കാരെയും ഏതെങ്കിലും കാരണത്താൽ പിരിച്ചുവിട്ടവരെയും ചോദ്യം ചെയ്യും. അപകടസമയത്ത് ഈ സ്ഥലത്തിന്റെ പരിധിയിലുണ്ടായിരുന്നവരുടെ മൊബൈൽ ഫോൺ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

പാളത്തിലെ മെയി‍ൻ ലൈൻ – ലൂപ് ലൈൻ ജംക്‌ഷൻ ബോൾട്ടുകളും നട്ടുകളും അഴിഞ്ഞതാണ് അപകടകാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നു ഗൂഢാലോചന വകുപ്പും കേസിൽ ഉൾപ്പെടുത്തി. റെയിൽവേ പൊലീസിൽ ഡിഎസ്പി റാങ്കിലുള്ള 3 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്.കൃത്യമായ പരിശീലനം ലഭിക്കാത്തവർക്ക് ബോൾട്ട് അഴിക്കാനാകില്ലെന്നാണു നിഗമനം. അതിനാൽ, പുറത്തു നിന്നുള്ളവരല്ല ഇതു ചെയ്തതെന്നാണു വിലയിരുത്തൽ. അപകടത്തിൽപ്പെട്ട ബാഗ്മതി എക്സ്പ്രസിനു തൊട്ടുമുൻപ് ചെന്നൈ – സൂലൂർപ്പെട്ട് സബേർബൻ ട്രെയിൻ ഈ വഴി കടന്നുപോയിരുന്നു.

3 മിനിറ്റിനുള്ളിൽ ഇതേ പാതയിലൂടെയെത്തിയ ബാഗ്മതി എക്സ്പ്രസ് ലൂപ് ലൈനിലേക്കു കയറി, നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിന്റെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. 3 മിനിറ്റിനുള്ളിൽ നട്ടുകൾ അഴിച്ചു മാറ്റാനാകില്ലെന്നു റെയിൽവേ കണ്ടെത്തി.വിദഗ്ധരായ ജീവനക്കാർ ശ്രമിച്ചിട്ടും 11 മിനിറ്റോളം വേണ്ടി വന്നു. മൈസൂരു-ദർഭംഗ ബാഗ്‍മതി എക്സ്പ്രസ് 11നു രാത്രിയാണു ചരക്കു ട്രെയിനിന്റെ പിന്നിൽ ഇടിച്ചുകയറിയത്. അപകടത്തിൽ 19 പേർക്ക് പരുക്കേറ്റു. മുൻകരുതലായി ചെന്നൈ ഡിവിഷന്റെ കീഴിലുള്ള പ്രധാന സെക്‌ഷനുകളിൽ സിസിടിവി സ്ഥാപിക്കാൻ നടപടി തുടങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *