എൽ ക്ലാസിക്കോയ്ക്കു മുൻപേ റയലിനു സൂചന; സെവിയ്യയെ 5–1നു തകർത്ത് ബാർസ
മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാർസിലോന സെവിയ്യയെ 5–1നു തകർത്തു വിട്ടതോടെ അടുത്ത വാരം നടക്കുന്ന റയൽ–ബാർസ എൽ ക്ലാസിക്കോയ്ക്ക് ആവേശമേറി. സെൽറ്റ വിഗോയ്ക്കെതിരെ റയൽ 2–1നു കഷ്ടിച്ചു ജയിച്ചതിനു പിന്നാലെയായിരുന്നു ബാർസയുടെ അനായാസ ജയം. റോബർട്ട് ലെവൻഡോവ്സ്കി ഇരട്ടഗോൾ നേടി. 12 ഗോളുകളോടെ ടോപ് സ്കോറർ പോരാട്ടത്തിൽ ബഹുദൂരം മുന്നിലാണ് പോളണ്ട് താരം. പെദ്രി, പാബ്ലോ ടോറെ എന്നിവരും ലക്ഷ്യം കണ്ടു. പോയിന്റ് പട്ടികയിൽ ബാർസ ഒന്നാം സ്ഥാനത്തും (27) റയൽ രണ്ടാം സ്ഥാനത്തും (24) തുടരുന്നു. ശനിയാഴ്ച റയലിന്റെ മൈതാനമായ സാന്തിയാഗോ ബെർണബ്യൂവിലാണ് സീസണിലെ ആദ്യ എൽ ക്ലാസിക്കോ.