മെസ്സിക്കു വീണ്ടും ഹാട്രിക്, മയാമിക്ക് എംഎൽഎസ് റെക്കോർഡ്
ഫോർട്ട് ലൗഡർഡെയ്ൽ (യുഎസ്എ) ; 5 ദിവസം; 2 ഹാട്രിക്കുകൾ! രാജ്യത്തിനു പിന്നാലെ ക്ലബ്ബിനു വേണ്ടിയും ലയണൽ മെസ്സി മിന്നിത്തിളങ്ങിയപ്പോൾ മേജർ ലീഗ് സോക്കറിലെ പോയിന്റ് റെക്കോർഡ് ഇന്റർ മയാമിക്കു സ്വന്തം.മെസ്സിയുടെ ഹാട്രിക്കിന്റെ മികവിൽ ന്യൂ ഇംഗ്ലണ്ടിനെ 6–2നു തകർത്ത ഇന്റർ മയാമി ഒരു റെഗുലർ എംഎൽഎസ് സീസണിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. നാലു ദിവസം മുൻപ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയയ്ക്കെതിരെ അർജന്റീന ദേശീയ ടീം ജഴ്സിയിലും മെസ്സി ഹാട്രിക് നേടിയിരുന്നു.ലീഗിലെ 34 മത്സരങ്ങളിൽ നിന്ന് 74 പോയിന്റാണ് മയാമിയുടെ സമ്പാദ്യം. 2021ൽ ന്യൂ ഇംഗ്ലണ്ട് കുറിച്ച റെക്കോർഡിനെക്കാൾ ഒരു പോയിന്റ് കൂടുതൽ.
സീസൺ ജേതാക്കൾക്കുള്ള സപ്പോർട്ടേഴ്സ് ഷീൽഡ് മയാമി നേരത്തേ ഉറപ്പിച്ചിരുന്നു. മെസ്സിയുടെ ഹാട്രിക്കിനു പുറമേ ലൂയി സ്വാരസ് മയാമിക്കായി ഇരട്ടഗോൾ നേടി. പോസ്റ്റ് സീസൺ ചാംപ്യൻഷിപ്പായ എംഎൽഎസ് കപ്പാണ് ഇനി ഇന്റർ മയാമിയെ കാത്തിരിക്കുന്നത്. മത്സരത്തിന്റെ 57–ാം മിനിറ്റിൽ മെസ്സി കളത്തിലിറങ്ങുമ്പോൾ സ്കോർ 2–2 എന്ന നിലയിലായിരുന്നു. യുഎസ് താരം ബെഞ്ചമിൻ ക്രെമാഷിയുടെ ഗോളിൽ തൊട്ടു പിന്നാലെ മയാമി ലീഡ് നേടി. ശേഷം മെസ്സിയുടെ നിറഞ്ഞാട്ടം.78–ാം മിനിറ്റിൽ ഒരു ലോങ് ഷോട്ടിലൂടെ ലക്ഷ്യം കണ്ട മെസ്സി മൂന്നു മിനിറ്റിനു ശേഷം രണ്ടാം ഗോളും നേടി. 89–ാം മിനിറ്റിൽ സ്വാരസിന്റെ ഉജ്വലമായ ഒരു ബാക്ക് വോളി അസിസ്റ്റിൽ നിന്ന് എംഎൽഎസിൽ തന്റെ ആദ്യ ഹാട്രിക്കും തികച്ചു.
മെസ്സിയും മയാമിയും ക്ലബ് ലോകകപ്പിന്
എംഎൽഎസ് സീസൺ ജേതാക്കളായതോടെ അടുത്ത വർഷം യുഎസിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിനും ഇന്റർ മയാമി യോഗ്യത നേടി. ആറു കോൺഫെഡറേഷനുകളിൽ നിന്നായി 32 ടീമുകളാണ് 2025 ജൂൺ 15 മുതൽ ജൂലൈ 13 വരെ നടക്കുന്ന ടൂർണമെന്റിൽ മത്സരിക്കുക. ആതിഥേയ രാജ്യത്തെ ചാംപ്യൻ ക്ലബ് എന്ന നിലയിലാണ് മയാമി മത്സരിക്കുകയെന്ന് ഇന്നലെ മത്സരം കാണാനെത്തിയ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പറഞ്ഞു.യൂറോപ്പിൽ നിന്ന് റയൽ മഡ്രിഡ്, അത്‌ലറ്റിക്കോ മഡ്രിഡ്, ബയൺ മ്യൂണിക്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയവരുൾപ്പെടെ 12 ക്ലബ്ബുകൾ മത്സരിക്കുന്നതിനാൽ പഴയ എതിരാളികളുമായുള്ള മെസ്സിയുടെ കണ്ടുമുട്ടലാകും ടൂർണമെന്റിന്റെ ആകർഷണം. മെസ്സിയുടെ മുൻ ക്ലബ്ബായ പിഎസ്ജിയും മത്സരിക്കുന്നുണ്ട്. എന്നാൽ ബാർസിലോന യോഗ്യത നേടിയിട്ടില്ല.