നവീൻ ബാബുവിന്റെ ആത്മഹത്യ: കണ്ണൂരിൽ കോൺഗ്രസ്, ബിജെപി പ്രതിഷേധം; ഏറ്റുമുട്ടി പ്രവർത്തകരും പൊലീസും
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കണ്ണൂരിൽ വ്യാപക പ്രതിഷേധം. കോൺഗ്രസ്, ബിജെപി പ്രവർത്തകരാണ് വിവിധ ഇടങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. പരിയാരം മെഡിക്കൽ കോളജിലേക്കായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. നവീൻ ബാബുവിനെതിരെ പരാതി ഉന്നയിച്ച ടി.വി.പ്രശാന്തിനെ മെഡിക്കൽ കോളജിലെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് വലയം ഭേദിച്ച് കോളജ് ഓഫിസിലേക്കു പ്രവർത്തകർ കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. വനിത പ്രവർത്തകർ ഉൾപ്പെടെ ആശുപത്രി കാഷ്വാലിറ്റിക്കു മുമ്പിലും കോളജിനു മുമ്പിലും എത്തിയെങ്കിലും നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.