‘കാവിക്കോട്ടയിലേക്ക് സ്വാഗതം’: ശോഭാ സുരേന്ദ്രന്റെ ഫ്ലക്സ് ബോർഡ് കത്തിയ നിലയിൽ
പാലക്കാട്∙ നഗരസഭാ കാര്യാലയത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന ശോഭാ സുരേന്ദ്രന്റെ ഫ്ലക്സ് ബോർഡ് കത്തിയ നിലയിൽ. ഇന്നു രാവിലെയോടെയാണ് കാര്യാലയത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഫ്ലക്സ് ബോർഡിന്റെ ഒരു ഭാഗം കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. ‘ശോഭാ സുരേന്ദ്രന് പാലക്കാടൻ കാവിക്കോട്ടയിലേക്ക് സ്വാഗതം’ എന്നെഴുതിയ ഫ്ലക്സാണ് ഭാഗികമായി കത്തി നശിച്ചത്.നേരത്തെ പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ പട്ടികയിൽ ശോഭാ സുരേന്ദ്രന്റെ പേരും ഉയർന്ന് കേട്ടിരുന്നു. എന്നാൽ ഇവിടെ സി.കൃഷ്ണകുമാറിനെയാണ് ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചത്. സ്ഥാനാർഥിയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്ന സമയത്താണ് ശോഭാ സുരേന്ദ്രനെ സ്വാഗതം ചെയ്തുള്ള ഫ്ലക്സ് ഇവിടെ പ്രത്യക്ഷപ്പെട്ടത്.അതേസമയം, ഫ്ലക്സ് കത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പാലക്കാട് നഗരസഭ ബിജെപിയാണ് ഭരിക്കുന്നത്.