‘പ്രശാന്തന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അല്ല, പുറത്താക്കും; അന്വേഷണം നടത്തും’: നിലപാട് കടുപ്പിച്ച് വീണാ ജോർജ്
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി.പ്രശാന്തനെതിരെ ആരോഗ്യവകുപ്പ് അന്വേഷണം നടത്തും. പരിയാരം മെഡിക്കൽ കോളജിൽ ഇലക്ട്രിഷ്യനായ പ്രശാന്തൻ സർവീസിലിരിക്കെ പെട്രോൾ പമ്പ് ആരംഭിച്ചതിനെക്കുറിച്ചാണ് അന്വേഷണം. പ്രശാന്തൻ സർവീസിലുണ്ടാകാൻ പാടില്ലെന്ന് മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. പമ്പിന് നിരാക്ഷേപ പത്രം (എൻഒസി) നൽകാത്തത്തിൽ അഴിമതി നടന്നതായി യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ കുറ്റപ്പെടുത്തിയതിനെ തുടർന്നാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്.
നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന ശക്തമായ നിലപാടിലാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി.പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പ്രശാന്തനെ ജോലിയിൽനിന്ന് നീക്കുന്നതിന് നിയമോപദേശം തേടും. അഡീഷനൽ ചീഫ് സെക്രട്ടറിയും ഡിഎംഇയും പരിയാരത്തെത്തി അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഡിഎംഇയോട് റിപ്പോർട്ട് തേടിയിരുന്നു. പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് ഡിഎംഇ അറിയിച്ചതിനാലാണ് തുടരന്വേഷണം നടത്തുന്നത്. പ്രശാന്തന്‍ സർക്കാർ ജീവനക്കാരനല്ലാത്തതിനാൽ ജോലിയിൽനിന്ന് പിരിച്ചു വിടുന്നതിനു നിയമോപദേശം തേടി.
പരിയാരം സഹകരണ ആശുപത്രി സർക്കാർ ഏറ്റെടുത്തപ്പോൾ ജീവനക്കാരെ ഘട്ടംഘട്ടമായി റഗുലറൈസ് ചെയ്തിരുന്നു. പ്രശാന്തന്റെ സർവീസ് റഗുലറൈസ് ചെയ്യാൻ സർക്കാർ ആലോചിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ചെങ്ങളായി പഞ്ചായത്തിലെ നെടുവാലൂർ ചേരൻകുന്നിലാണ് പെട്രോൾ പമ്പിനായി പ്രശാന്തൻ അനുമതി തേടിയത്. ചേരൻകുന്ന് സെന്റ് ജോസഫ്സ് പള്ളിയുടെ ഇടതുവശത്തായുള്ള 40 സെന്റ് സ്ഥലമാണ് പെട്രോൾ പമ്പ് തുടങ്ങാനായി പ്രശാന്തൻ പാട്ടത്തിനെടുത്തിരുന്നത്. ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങാൻ നാലരക്കോടി രൂപ വേണ്ടിവരുമെന്നാണു വിലയിരുത്തൽ. പരിയാരം ഗവ. മെഡിക്കൽ കോളജിൽ ഇലക്ട്രിഷ്യനായ ടി.വി.പ്രശാന്തന് ഇത്രയും പണമുണ്ടോയെന്നാണ് ചോദ്യമുയരുന്നത്.
പ്രശാന്തനെ മുന്നിൽനിർത്തി ആരോ പണം മുടക്കാനിരുന്നെന്നാണ് ആക്ഷേപം.പരിയാരത്തെ ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കാത്തതിന്റെ പേരിൽ കഴിഞ്ഞദിവസവും പ്രതിഷേധം ഉയർന്നിരുന്നു. വായ്പയ്ക്ക് അപേക്ഷിച്ചതിന്റെയോ മറ്റു വരുമാന സ്രോതസ്സുകളുടെയോ വിവരങ്ങൾ ഇദ്ദേഹം പുറത്തു വിട്ടിട്ടില്ല. 40 സെന്റ് സ്ഥലം മാസം 40,000 രൂപയ്ക്ക് പാട്ടത്തിനെടുത്താണ് പമ്പ് തുടങ്ങാൻ തയാറെടുത്തത്. കൈക്കൂലി നൽകിയെന്നു വെളിപ്പെടുത്തിയത് സംബന്ധിച്ചു പ്രശാന്തനോട് പരിയാരം ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വിശദീകരണം തേടിയിരുന്നു.