എഡിഎം നവീന്‍ ബാബുവിന്റെ മരണം: നിലപാട് വ്യക്തമാക്കാനൊരുങ്ങി ഭാര്യ മഞ്ജുഷ

0

പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ നിലപാട് വ്യക്തമാക്കാനൊരുങ്ങി ഭാര്യ മഞ്ജുഷ. സംസ്‌കാര ചടങ്ങ് ദിവസത്തില്‍ കണ്ണൂര്‍ പൊലീസ് മഞ്ജുഷയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നീതി പൂര്‍വ്വമായി പൊലീസ് അന്വേഷണം നടത്തി ഭര്‍ത്താവിന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ എത്തിച്ച് ശിക്ഷ നല്‍കണമെന്ന ആവശ്യമാണ് മഞ്ജുഷക്കുള്ളത്. വീട് സന്ദര്‍ശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോടും മഞ്ജുഷ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാകാത്തതിലെ അതൃപ്തി കുടുംബാംഗങ്ങള്‍ എം വി ഗോവിന്ദനെ അറിയിച്ചിട്ടുണ്ട്. എം വി ഗോവിന്ദന്‍ മടങ്ങിയ ശേഷം സന്ദര്‍ശനം സംബന്ധിച്ച് പരസ്യമായി പ്രതികരിക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായിട്ടില്ല. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വന്ന ശേഷം നിലപാട് വ്യക്തമാക്കാനാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ തീരുമാനം.

നവീന്‍ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടിയെന്ന് കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷം എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. അന്വേഷണം നടക്കട്ടെയെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയോടും മക്കളോടും കാര്യങ്ങള്‍ ആരാഞ്ഞെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ പാര്‍ട്ടി രണ്ട് തട്ടിലാണെന്നുള്ള പ്രചരണമുണ്ടെന്നും പാര്‍ട്ടിക്ക് ഒരു തട്ടേയുള്ളു, അത് കുടുംബത്തോടൊപ്പമാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കുടുംബത്തെയും സന്ദര്‍ശിച്ചിരുന്നു. വിവാദ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും കഴിഞ്ഞ 25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കുമെന്നും സന്ദര്‍ശനത്തിന് പിന്നാലെ സുരേഷ് ഗോപി വ്യക്തമാക്കി. കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയത്. തന്റെ സന്ദര്‍ശനം ആശ്വാസമായെന്ന് കുടുംബം പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *